പൊതുഭരണ സംവിധാനങ്ങളിൽ കൃത്രിമബുദ്ധി നടപ്പിലാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാൻക്യൂബെക്കും ആൽബർട്ടയും തീരുമാനിച്ചു. ക്യൂബെക് സൈബർ സുരക്ഷാ-ഡിജിറ്റൽ സാങ്കേതികവിദ്യാ മന്ത്രി ഫ്രാൻസ്-എലെയ്ൻ ഡുറാൻസോയും, ആൽബർട്ട സാങ്കേതികവിദ്യാ-നവീകരണ മന്ത്രി നേറ്റ് ഗ്ലൂബിഷും ചേർന്നാണ് ഈ സഖ്യം പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഇരു പ്രവിശ്യകളും തമ്മിൽ കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക സാമ്പത്തിക ഇടപാടുകളോ ഫണ്ടിങ്ങോ ഉണ്ടാകില്ല. പകരം, ഭരണരംഗത്തെ സാങ്കേതികവിദ്യയും അറിവുകളും ഇരു സർക്കാരുകളും പരസ്പരം പങ്കുവയ്ക്കുകയാണ് ചെയ്യുക.
ഇരു പ്രവിശ്യകളുടെയും സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കൂടുതൽ കാര്യക്ഷമവും വേഗതയേറിയതുമായ ഭരണസംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഭരണപരമായ നടപടികളുടെ വേഗത കൂട്ടാനും ചെലവുകൾ ഗണ്യമായി കുറയ്ക്കാനും AI സാങ്കേതികവിദ്യ സഹായിക്കുമെന്ന് ആൽബർട്ട മന്ത്രി നേറ്റ് ഗ്ലൂബിഷ് വ്യക്തമാക്കി. കാനഡയിൽ ഉയർന്നുവരുന്ന ഡാറ്റാ സെൻ്റർ ശൃംഖലകളുടെ പ്രധാന കേന്ദ്രമായി ആൽബർട്ട മാറിക്കൊണ്ടിരിക്കുകയാണെന്ന് യോർക്ക് യൂണിവേഴ്സിറ്റിയുടെ സമീപകാല പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും എത്തിക്കാൻ ഈ സഖ്യം സഹായിക്കുമെന്നാണ് ഇരു പ്രവിശ്യകളുടെയും പ്രതീക്ഷ.