ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ചുരുക്കപ്പട്ടികയില്‍ 'നായാട്ട്'

By: 600007 On: Oct 21, 2021, 9:49 AM

ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് കൊല്‍ക്കത്തയില്‍ പുരോഗമിക്കുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം നടക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് മലയാളത്തില്‍ നിന്ന് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ്. തമിഴില്‍ നിന്ന് മണ്ടേല എന്ന ചിത്രവും, വിദ്യാ ബാലന്റെ ഹിന്ദി ചിത്രം ഷേര്‍ണി, സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് സര്‍ദാര്‍ ഉദ്ധം എന്നിവയും മത്സരിക്കുന്നുണ്ട്. ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സര്‍വൈവല്‍ ഡ്രാമയായ നായാട്ടില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.

15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും. ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മല്‍സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടായിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജല്ലിക്കെട്ടിന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല. 

Content Highlights: Nayattu Movie Martin Prakkat in India's Oscar entry short list