പി പി ചെറിയാന്‍
ഫ്‌ലോറിഡ: അസഹനീയമായ ചൂടില്‍ 13 വയസ്സുകാരിയായ സ്വന്തം മകളെ ചങ്ങലയില്‍ കെട്ടിയിട്ട് പട്ടിണിക്കിട്ട ഫ്‌ലോറിഡ സ്വദേശിയായ അമ്മ അറസ്റ്റില്‍. യഷിര മേരി മാല്‍ഡൊനാഡോ (34) എന്ന സ്ത്രീയാണ് ചൈല്‍ഡ് അബ്യൂസ് (കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത), കുട്ടിയെ അവഗണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് പിടിയിലായത്.
ഫ്‌ലോറിഡയിലെ ഹിയാലിയയിലുള്ള പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ വീടിന് പുറത്താണ് സംഭവം നടന്നത്. കുട്ടിയുടെ അരയില്‍ ഇരുമ്പ് ചങ്ങല ചുറ്റി വേലിയില്‍ ബന്ധിച്ച ശേഷം യഷിര കാറോടിച്ച് പോവുകയായിരുന്നു.
93 ഡിഗ്രി ഫാരന്‍ഹീറ്റിലധികം (ഏകദേശം 34 ഡിഗ്രി സെല്‍ഷ്യസ്) ചൂടുണ്ടായിരുന്ന സമയത്ത്, തണലോ ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ് കുട്ടിയെ വെയിലത്ത് നിര്‍ത്തിയിരുന്നത്.
അയല്‍പക്കത്തെ റിംഗ് ക്യാമറ ദൃശ്യങ്ങളില്‍ നിന്നാണ് അമ്മ കുട്ടിയെ കെട്ടിയിടുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ മുത്തശ്ശി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വിവരമറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയെ നോക്കുന്നതില്‍ നിന്ന് തനിക്ക് ഒരു 'ബ്രേക്ക്' വേണമായിരുന്നു എന്നും, താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും യഷിര പോലീസിനോട് സമ്മതിച്ചു. കുട്ടിയെ കെട്ടിയിട്ട ശേഷം ഇവര്‍ വീട്ടില്‍ പോയി ടിവി കണ്ട് വിശ്രമിക്കുകയായിരുന്നു.
നിലവില്‍ കോടതി യഷിരയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും മകളുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടിയെ ഇപ്പോള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.