പി പി ചെറിയാന്‍
ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ ഏറ്റവും പ്രായം കൂടിയ തടവുകാരിലൊരാളായ ഡെന്നിസ് സോച്ചറിന്റെ (74) വധശിക്ഷ നടപ്പാക്കി. 1982-ല്‍ പട്രീഷ്യ ഗിഫോര്‍ഡ് (18) എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇയാള്‍ക്ക് വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
സ്റ്റാര്‍ക്കിന് അടുത്തുള്ള ഫ്‌ലോറിഡ സ്റ്റേറ്റ് ജയിലില്‍ വെച്ച്, മാരകമായ മൂന്ന് മരുന്നുകള്‍ അടങ്ങിയ കുത്തിവയ്പ്പ് നല്‍കിയതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം 6:16-ന് സോച്ചോര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
ഫ്‌ലോറിഡയില്‍ ഈ വര്‍ഷം നടക്കുന്ന പത്താമത്തെ വധശിക്ഷയാണിത്. യു.എസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പ്രായമായ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ സംഭവം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രായം ചെന്ന മറ്റ് രണ്ട് തടവുകാരുടെ വധശിക്ഷയും ഫ്‌ലോറിഡയില്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.