സിഖ് സമൂഹത്തിന് അഭിമാന നിമിഷം; യു.എസ് വ്യോമസേനാ അക്കാദമിയില്‍ ചിരാഗ് വീര്‍ സിംഗ് സറാവോ ചരിത്രം കുറിച്ചു

By: 600002 On: Jul 16, 2026, 9:59 AM



 

പ്രസാദ് തീയാടിക്കല്‍

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്പ്രിംഗ്‌സിലുള്ള യു.എസ് എയര്‍ ഫോഴ്സ് അക്കാദമിയില്‍ (USAFA) പ്രവേശനം നേടിയ ആദ്യ കേശധാരി സിഖ് അമേരിക്കന്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി ചിരാഗ് വീര്‍ സിംഗ് സറാവോ. സിഖ് വിശ്വാസത്തിന്റെ ഭാഗമായി മുറിക്കാത്ത മുടിയും താടിയും ഉള്‍പ്പെടെയുള്ള മതാചാരങ്ങള്‍ പാലിച്ചുകൊണ്ട് അക്കാദമിയില്‍ സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് ഔദ്യോഗിക മതപരമായ അനുമതിയും ലഭിച്ചു.

ഏപ്രില്‍ 4-ന് അക്കാദമിയിലേക്കുള്ള നിയമനം ലഭിച്ച സറാവോയ്ക്ക് ജൂണ്‍ 20-ന് മതപരമായ ഇളവ് അനുവദിച്ചു. തുടര്‍ന്ന് ജൂണ്‍ 24-ന് In-Processing Day (I-Day)യില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത അദ്ദേഹം നിലവില്‍ ആറാഴ്ച നീളുന്ന അടിസ്ഥാന സൈനിക പരിശീലനത്തിലാണ്.

അമേരിക്കന്‍ സിഖ് കൗണ്‍സില്‍ ഈ നേട്ടത്തെ സിഖ് സമൂഹത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ അംഗീകാരമായി വിശേഷിപ്പിച്ചു. വിശ്വാസവും രാജ്യസേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് ചിരാഗിന്റെ നേട്ടം തെളിയിക്കുന്നതാണെന്നും സംഘടന വ്യക്തമാക്കി.