പ്രസാദ് തീയാടിക്കല്‍
കാലിഫോര്‍ണിയ: ദക്ഷിണ കാലിഫോര്‍ണിയയിലെ ഒന്റാറിയോയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഭീകര ട്രക്ക് അപകടക്കേസില്‍ ഇന്ത്യന്‍ വംശജനായ 21-കാരന്‍ ജഷന്‍പ്രീത് സിംഗിന് (Jashanpreet Singh) നാല് വര്‍ഷവും എട്ട് മാസവും തടവുശിക്ഷ വിധിച്ചു.
2025 ഒക്ടോബറിലാണ് കാലിഫോര്‍ണിയയിലെ ഇന്റര്‍സ്റ്റേറ്റ് 10 (I-10) ഫ്രീവേയില്‍ സിംഗ് ഓടിച്ച സെമി-ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ഏഴ് വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ പ്രായമായ ദമ്പതികളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ആദ്യത്തില്‍ കുറ്റം നിഷേധിച്ചിരുന്ന ജഷന്‍പ്രീത് സിംഗ് പിന്നീട് ഗുരുതര അശ്രദ്ധയോടെയുള്ള വാഹനാപകടത്തിലൂടെ മരണം വരുത്തിയ മൂന്ന് ഫെലണി കുറ്റങ്ങള്‍ സമ്മതിക്കുകയായിരുന്നു. പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസിലായിരുന്നു കോടതി നാല് വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചത്.
അപകടസമയത്ത് പടിഞ്ഞാറോട്ടുള്ള ഫ്രീവേയില്‍ ഗതാഗതം മന്ദഗതിയിലായിരുന്നെങ്കിലും, സിംഗിന്റെ ട്രക്ക് വേഗം കുറയ്ക്കുകയോ ബ്രേക്ക് ഇടുകയോ ചെയ്തില്ലെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. തുടര്‍ന്ന് ട്രക്ക് നിരവധി വാഹനങ്ങളില്‍ ഇടിച്ചുകയറി തീപിടിക്കുകയും റോഡരികിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.