കാനഡ പോസ്റ്റ് 2025-ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം നേരിട്ടിട്ടും തങ്ങളുടെ എക്സിക്യൂട്ടീവുമാർക്കും മാനേജർമാർക്കുമായി ബോണസ് ഇനത്തിൽ കോടികൾ വാരിക്കോരി നൽകിയതായി വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം 1.57 ശതകോടി കനേഡിയൻ ഡോളറിൻ്റെ റെക്കോർഡ് നഷ്ടമാണ് രേഖപ്പെടുത്തിയത്. എന്നിട്ടും തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർക്കായി 30.8 മില്യൺ കനേഡിയൻ ഡോളർ ബോണസ് ഇനത്തിൽ വിതരണം ചെയ്തതായാണ് പാർലമെൻ്ററി രേഖകൾ വ്യക്തമാക്കുന്നത്.
നികുതിപ്പണം ഉപയോഗിച്ചുള്ള സർക്കാർ സഹായം സ്വീകരിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ വൻ തുകകൾ വിതരണം ചെയ്തതെന്നത് കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്.
ഈ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചുകൊണ്ട് കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ്റെ ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ രംഗത്തെത്തി. സ്ഥാപനം കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും കനത്ത പരാജയം നേരിടുകയും ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥാപനത്തിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനും കാനഡ പോസ്റ്റിനെ നവീകരിക്കാനും യോഗ്യരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നാണ് കാനഡ പോസ്റ്റ് വക്താക്കളുടെ ന്യായീകരണം. നേരത്തേയുള്ള സേവന വ്യവസ്ഥകളുടെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്നും, ഇത് സർക്കാർ നൽകിയ സാമ്പത്തിക സഹായത്തിൽ നിന്നല്ല, മറിച്ച് സ്ഥാപനത്തിൻ്റെ സ്വന്തം വരുമാനത്തിൽ നിന്നാണ് കണ്ടെത്തിയതെന്നും അവർ വിശദീകരിച്ചു. എങ്കിലും ബോണസ് വിവാദം വലിയ ചർച്ചയ്ക്കാണ് വഴിയിട്ടിരിക്കുന്നത്.