പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; ടെസ്‌ല കാറിൻ്റെ ചില്ല് തകർത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്ത് കനേഡിയൻ പൊലീസ്

By: 600110 On: Jul 15, 2026, 1:03 PM

 

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ഫ്രേസർ വാലിയിൽ പൊലീസിൻ്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കാർ ലോക് ചെയ്ത് അകത്തിരുന്ന ടെസ്‌ല ഡ്രൈവറെ ചില്ല് തകർത്ത് അറസ്റ്റ് ചെയ്തു. ജൂലൈ ഒന്നിന് പുലർച്ചെ ഒന്നിന് ലണ്ടൻ അവന്യൂവിലെ ഹൈവേ പ്രവേശന കവാടത്തിന് സമീപം റോഡിൽ ഭാഗികമായി തടസ്സമുണ്ടാക്കുന്ന രീതിയിൽ കിടന്ന ടെസ്‌ല കാർ പരിശോധിച്ച മിഷൻ ആർസിഎംപി ഉദ്യോഗസ്ഥനാണ് ഡ്രൈവറുടെ വിചിത്രമായ പ്രതിരോധം നേരിടേണ്ടി വന്നത്. മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് അവശ നിലയിലായിരുന്ന ഡ്രൈവറോട് പരിശോധനയ്ക്കായി പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ ശ്വാസപരിശോധനയ്ക്ക് വിസമ്മതിച്ച 51-കാരനായ ഡ്രൈവർ പൊലീസിനെ അവഗണിച്ച് കാറിൻ്റെ വിൻഡോ ഗ്ലാസ്സ് പൂർണ്ണമായും ഉയർത്തുകയും വാതിലുകൾ ലോക്ക് ചെയ്യുകയുമായിരുന്നു. ഏറെ നേരം അനുനയത്തിൽ സംസാരിച്ചിട്ടും ഇയാൾ പുറത്തിറങ്ങാൻ തയ്യാറാകാതിരുന്നതോടെ, ഡ്യൂട്ടി തടസ്സപ്പെടുത്തിയ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കാറിൻ്റെ വിൻഡോ ഗ്ലാസ്സ് തല്ലിത്തകർത്ത് ഡോർ തുറക്കുകയായിരുന്നു. ഈ സമയത്ത് സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ച് പുറത്തിറങ്ങാതിരിക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പൊലീസ് ഇയാളെ പുറത്തെടുത്തു. 

പിന്നീട് നടത്തിയ രണ്ട് വ്യത്യസ്ത ശ്വാസപരിശോധനകളിലും ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇതേത്തുടർന്ന് ഡ്രൈവർക്ക് 90 ദിവസത്തെ ഡ്രൈവിംഗ് വിലക്കും കാർ 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാനുള്ള ഉത്തരവും പൊലീസ് നൽകി. പൊലീസിനെ കബളിപ്പിക്കാൻ നോക്കിയ ഡ്രൈവർക്ക് ശിക്ഷാ നടപടികൾക്ക് പുറമെ സ്വന്തം ടെസ്‌ല കാറിനായി പുതിയ വിൻഡോ ഗ്ലാസ്സ് വാങ്ങേണ്ട അധിക ബാധ്യത കൂടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വാർത്ത പുറത്തുവന്നതോടെ ഡ്രൈവറുടെ ബാലിശമായ പ്രവർത്തിക്കെതിരെ കടുത്ത പരിഹാസവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.