കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതായും നഗര ഭരണകൂടം ഇതിൽ കാര്യമായ ഗൗരവം കാട്ടുന്നില്ലെന്നും മാധ്യമപ്രവർത്തകനായ ക്രിസ് സെല്ലിയുടെ റിപ്പോർട്ട്. ആർക്കും ഉത്തരവാദിത്തമില്ലാത്ത പൊതുഗതാഗത സംവിധാനം, ഉയർന്ന കുറ്റകൃത്യ നിരക്ക് തുടങ്ങിയവയാണ് നഗരവാസികളെ ഇവിടെനിന്ന് അകറ്റുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ പ്രധാന മെട്രോപൊളിറ്റൻ നഗരത്തിൻ്റെ ജനസംഖ്യ ചുരുങ്ങുന്നത് ഗൗരവമായ ചർച്ചയാകാത്തത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച നഗരത്തിലെ പ്രശസ്തമായ 'സൽസ ഓൺ സെൻ്റ് ക്ലെയർ' (Salsa on St. Clair) തെരുവ് ഉത്സവത്തിനിടെയുണ്ടായ കൂട്ടവെടിവെപ്പ് ടൊറൻ്റോയിലെ വർദ്ധിച്ചുവരുന്ന സുരക്ഷിതത്വമില്ലായ്മയുടെ ആഴം കൂട്ടുന്നതാണ്. വൻ ജനക്കൂട്ടത്തിനിടയിൽ ഉണ്ടായ ഈ അക്രമസംഭവം നഗരത്തിലെ ക്രമസമാധാന തകർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു. അപര്യാപ്തമായ പൊതുഗതാഗത സൗകര്യങ്ങൾ, താങ്ങാനാകാത്ത വീട്ടുവാടക എന്നിവയ്ക്ക് പുറമെ വർദ്ധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങളാണ് ജനങ്ങളെ സുരക്ഷിതമായ മറ്റ് ഇടങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നത്.
വളരെക്കാലമായി വടക്കേ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നായി ടൊറൻോ അഭിമാനം കൊണ്ടിരുന്നു. ടൊറൻ്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയുടെ ഗവേഷണങ്ങൾ പ്രകാരം, 2020 ജൂലൈ വരെയുള്ള കാലയളവിലും തുടർന്ന് 2023-ലും ഡാളസ്, ഹൂസ്റ്റൺ, മോൺട്രിയൽ, വാൻകൂവർ തുടങ്ങിയ വൻനഗരങ്ങളെപ്പോലും പിന്നിലാക്കി ജനസംഖ്യാ വളർച്ചയിൽ ടൊറന്റോ മുന്നിലായിരുന്നു. എന്നാൽ 'വേൾഡ് ക്ലാസ്' പദവി അവകാശപ്പെടുന്ന ഈ നഗരത്തെ നിലവിലെ പ്രതിസന്ധികൾ വലിയൊരു തിരിച്ചടിയിലേക്കാണ് ഇപ്പോൾ നയിക്കുന്നത്