ഒൻ്റാരിയോയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളും ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളും പരിഷ്കരിച്ചുകൊണ്ട് 2026 ജൂലൈ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. കുറ്റവാളികൾക്ക് നിർബന്ധിത ഇഗ്നിഷൻ ഇൻ്റർലോക്ക് ഘടിപ്പിക്കുക, വിദേശത്തുനിന്നുള്ള പുതിയ താമസക്കാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുക, കൂടാതെ ലൈസൻസ് പുതുക്കൽ ഫീസുകൾ മരവിപ്പിക്കുക എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഒൻ്റാരിയോ ഗവൺമെൻ്റ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊണ്ടുവന്ന വിവിധ ബില്ലുകൾ ഇപ്പോൾ നിയമമാക്കി മാറ്റിയിരിക്കുന്നത്.
പുതിയ ഭേദഗതി പ്രകാരം, കാനഡയിലെ ക്രിമിനൽ കോഡ് അനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെടുന്ന ആർക്കും അവരുടെ ലൈസൻസ് സസ്പെൻഷൻ കാലാവധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ വാഹനത്തിൽ ഇഗ്നിഷൻ ഇൻ്റർലോക്ക് ഉപകരണം നിർബന്ധമായും ഘടിപ്പിക്കേണ്ടതുണ്ട്. ഡ്രൈവറുടെ രക്തത്തിലെ ആൽക്കഹോളിൻ്റെ അളവ് (BAC) 0.02-ൽ താഴെയാണെന്ന് ശ്വാസപരിശോധനയിലൂടെ തെളിയിച്ചാൽ മാത്രമേ ഈ ഉപകരണം വഴി വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കൂ. ഇൻ്റർലോക്ക് ഘടിപ്പിക്കാതെ ഇവർക്ക് വാഹനം നിരത്തിലിറക്കാൻ അനുവാദമില്ല. ഈ കാലാവധി കഴിഞ്ഞാലും അടുത്ത ആറ് മാസത്തേക്ക് 'സീറോ ടോളറൻസ്' നിയമം ബാധകമായിരിക്കും. അതായത്, ഈ ആറുമാസക്കാലയളവിൽ ശരീരത്തിൽ നേരിയ അളവിൽ പോലും മദ്യത്തിൻ്റെയോ മയക്കുമരുന്നിൻ്റെയോ അംശമുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് വീണ്ടും റദ്ദാക്കപ്പെടും.
മദ്യപിച്ചുള്ള ഡ്രൈവിംഗിനെതിരെയുള്ള കടുത്ത നടപടികൾക്കൊപ്പം, വിദേശങ്ങളിൽ നിന്ന് ഒൻ്റാരിയോയിലേക്ക് പുതുതായി എത്തുന്നവർക്ക് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളും കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ഡ്രൈവിംഗ് പരിചയത്തിൻ്റെ അടിസ്ഥാനത്തിൽ ലൈസൻസ് അനുവദിക്കുന്നതിന് ഇനിമുതൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. അതേസമയം, സാധാരണക്കാരായ ഡ്രൈവർമാർക്ക് ആശ്വാസമേകുന്ന ഒരു പ്രഖ്യാപനവും പുതിയ നിയമത്തിലുണ്ട്. റോഡ് ടെസ്റ്റുകൾക്കും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുമുള്ള വാർഷിക ഫീസുകൾ വർദ്ധിപ്പിക്കില്ലെന്നും ഒൻ്റാരിയോ ഗതാഗത മന്ത്രാലയം അറിയിച്ചു.