ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
മലയാളിക്കൊരു ആചാരമുണ്ടല്ലോ, പോകുന്ന വഴിതില്‍ പെട്ടെന്ന് വണ്ടിനിര്‍ത്തിച്ച് ഓടിപ്പോയി നിന്നൊരു മൂത്രം ഒഴിക്കല്‍! (ഇതിനോട് സാമ്യമുള്ളത് നായകള്‍ മാത്രം, അത് പോകുന്ന വഴിയരികില്‍ മരത്തിലോ മൈല്‍ക്കുറ്റിയിലോ ''യൂറിന്‍ പാസ്'' ചെയ്തുപോകുന്നത്, തിരിച്ചുവരാനുള്ള വഴി മണത്തറിയാന്‍ ആണെന്ന് പറയപ്പെടുന്നു).
നിങ്ങളൊരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കല്‍പ്പിക്കുക. കസാഖ്സ്ഥാനിലെ വിഖ്യാതമായ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റോക്കറ്റേറി അങ്ങ് ആകാശത്തേക്ക് പറക്കാന്‍ പോവുകയാണ്. ഒടുവില്‍ ആ മഹാദിനം വന്നുചേര്‍ന്നു! നിങ്ങളാ ഭാരമേറിയ സ്‌പേസ് സ്യൂട്ടൊക്കെയിട്ട്, കോസ്‌മോനൗട്ട് ഹോട്ടലില്‍ നിന്നും ലോഞ്ച് പാഡിലേക്കുള്ള ബസില്‍ കയറി. ഇരുപത് മിനിറ്റേ ഉള്ളൂ യാത്ര. പക്ഷേ, റോക്കറ്റില്‍ കയറുന്നതിന് മുന്‍പ് അവിടുത്തെ ശാസ്ത്രജ്ഞര്‍ നിങ്ങളോട് പറയും: 'ഹേയ് അനില്‍ നിങ്ങള്‍ ആ ബസിന്റെ വലതുവശത്തെ പിന്‍ചക്രത്തില്‍ പോയി ഒന്ന് മൂത്രമൊഴിച്ചിട്ട് വാ!'
കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം, പക്ഷേ ഇതിനുപിന്നില്‍ 1961 മുതല്‍ കൈമാറിവരുന്ന ഒരു 'പവിത്രമായ' സോവിയറ്റ് പാരമ്പര്യമുണ്ട്!
ആദ്യമായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ വീരന്‍ യൂറി ഗഗാറിനാണ് ഈ വിചിത്ര ആചാരത്തിന്റെ സ്ഥാപകന്‍..
കേള്‍ക്കുമ്പോള്‍ അല്പം കോമഡിയായി തോന്നാമെങ്കിലും, ഇതിനുപിന്നില്‍ വലിയൊരു ചരിത്രമുണ്ട്.
കഥയുടെ തുടക്കം: ആ 'ചരിത്രപരമായ' നിമിഷം
1961 ഏപ്രില്‍ 12-നായിരുന്നു ആ സുവര്‍ണ്ണ നിമിഷം. റഷ്യയുടെ വിഖ്യാത പര്യവേഷകന്‍ യൂറി ഗഗാറിന്‍ ചരിത്രപ്രസിദ്ധമായ 'വോസ്റ്റോക് 1' ദൗത്യത്തിനായി ബൈക്കനൂര്‍ കോസ്‌മോഡ്രോമിലേക്ക് ബസില്‍ പോവുകയായിരുന്നു. പെട്ടെന്നാണ് പുള്ളിക്കാരന് പ്രകൃതിയുടെ വിളി (Nature call) വന്നത്. വേറെ വഴിയില്ലാത്തതുകൊണ്ട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു, നേരെ ഇറങ്ങി ബസിന്റെ വലതുവശത്തെ പിന്‍ചക്രത്തിന് ലക്ഷ്യമാക്കി കാര്യങ്ങള്‍ സാധിച്ചു.
എന്തായാലും ആ ദൗത്യം വന്‍ വിജയമായി! അതോടെ ബാക്കിയുള്ളവര്‍ ചിന്തിച്ചു: 'ആഹാ, അപ്പോ ഇതാണല്ലേ വിജയരഹസ്യം!' അങ്ങനെ ആ ഒരൊറ്റ 'മൂത്രം ഒഴിക്കല്‍' പിന്നീട് ബഹിരാകാശ ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസമായി മാറി.
ഇന്നും റഷ്യന്‍ സോയൂസ് റോക്കറ്റില്‍ പോകുന്നവരെല്ലാം (അത് അമേരിക്കക്കാരനായാലും ശരി) ഈ വഴിയില്‍ വണ്ടി നിര്‍ത്തി ആചാരം പാലിക്കണം.
ആണ്‍ സിംഹങ്ങള്‍, ബസില്‍ നിന്നിറങ്ങി, സ്‌പേസ് സ്യൂട്ടിന്റെ സങ്കീര്‍ണ്ണമായ സിപ്പുകളും കൊളുത്തുകളും അഴിക്കാന്‍ സഹായികളെയും കൂട്ടി നേരെ ടയറിന് മുന്നില്‍ ഹാജരാകും.
പെണ്‍ പുലികള്‍ക്ക് ഈ ഓപ്പണ്‍ വേദിയില്‍ ഇളവുണ്ടെങ്കിലും, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അവര്‍ ഒരു കുപ്പിയില്‍ സ്വന്തം മൂത്രവുമായി വന്ന് ടയറിലേക്ക് ഒഴിച്ച് 'പൂജ' പൂര്‍ത്തിയാക്കും!
എന്തിനാണ് ഈ പാഴ് വേല?
കോടിക്കണക്കിന് രൂപയുടെ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നവരാണെങ്കിലും, മനസ്സമാധാനത്തിന് ഒരു ഭാഗ്യം വേണമല്ലോ! ഗഗാറിന്‍ കാട്ടിയ വഴി പിന്തുടര്‍ന്നാല്‍ ഒരു അപകടവും പറ്റില്ലെന്നാണ് ഇവരുടെ ഒരു സൈക്കോളജിക്കല്‍ മൂവ്.
മാത്രമല്ല, മണിക്കൂറുകളോളം റോക്കറ്റിന്റെ സീറ്റില്‍ അനങ്ങാതെ കെട്ടിയിട്ടിരിക്കേണ്ടി വരുന്നതിനു മുന്‍പ്, 'ബ്ലാഡര്‍' ഒന്ന് കാലിയാക്കുന്നത് ഒരു കോമണ്‍ സെന്‍സ് കൂടിയാണ്. ചുരുക്കം പറഞ്ഞാല്‍, ബഹിരാകാശത്തേക്ക് പോകും മുന്‍പ് ടയര്‍ നനയ്ക്കുന്നത് ഇപ്പോഴൊരു അന്താരാഷ്ട്ര ആചാരമാണ്!
വാല്‍ക്കഷണം: നമ്മുടെ അനില്‍ മേനോനും ടീമിനും എല്ലാ സുഖയാത്രയും വിജയാശംസകളും!