ഡേലൈറ്റ് സേവിംഗ് ടൈം സ്ഥിരമാക്കുന്ന ബില്‍ യു.എസ് ഹൗസില്‍ പാസായി

By: 600002 On: Jul 15, 2026, 9:58 AM



 

പ്രസാദ് തീയാടിക്കല്‍

വാഷിങ്ടണ്‍: വര്‍ഷത്തില്‍ രണ്ടുതവണ ക്ലോക്ക് മുന്നോട്ടും പിന്നോട്ടും മാറ്റുന്ന രീതിക്ക് വിരാമമിടാനുള്ള സുപ്രധാന നീക്കമായി, അമേരിക്കയില്‍ ഡേലൈറ്റ് സേവിംഗ് ടൈം (Daylight Saving Time) സ്ഥിരമാക്കുന്ന 'Sunshine Protection Act' ബില്‍ യു.എസ്. പ്രതിനിധി സഭ (House of Representatives) പാസാക്കി. ബില്‍ 308-117 എന്ന വോട്ടിനാണ് അംഗീകാരം നേടിയത്.

ബില്‍ ഇനി യു.എസ്. സെനറ്റിന്റെ പരിഗണനയ്ക്കാണ് പോകുന്നത്. സെനറ്റും ബില്ലിന് അംഗീകാരം നല്‍കുകയും തുടര്‍ന്ന് പ്രസിഡന്റിന്റെ ഒപ്പും ലഭിക്കുകയും ചെയ്താല്‍, അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്ന ക്ലോക്ക് മാറ്റുന്ന പതിവിന് അറുതിയാകും.

നിലവില്‍ എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഒരു മണിക്കൂര്‍ മുന്നോട്ടും (Spring Forward), നവംബറില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും (Fall Back) ക്ലോക്ക് മാറ്റുന്ന രീതിയാണ് അമേരിക്കയില്‍ തുടരുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഈ സമയംമാറ്റം അവസാനിക്കുകയും ഡേലൈറ്റ് സേവിംഗ് ടൈം സ്ഥിരമായി തുടരുകയും ചെയ്യും.

വൈകുന്നേരങ്ങളില്‍ കൂടുതല്‍ പ്രകാശം ലഭിക്കുക, സമയംമാറ്റം മൂലമുള്ള ആരോഗ്യ-ഉറക്ക പ്രശ്‌നങ്ങള്‍ കുറയുക, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യുക എന്നിവയാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങള്‍. അതേസമയം, ശൈത്യകാലത്ത് രാവിലെ കൂടുതല്‍ നേരം ഇരുട്ടായിരിക്കുമെന്ന ആശങ്കയും വിമര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട്.

ബില്‍ നിയമമാകാന്‍ ഇനി യു.എസ്. സെനറ്റിന്റെ അംഗീകാരവും പ്രസിഡന്റിന്റെ ഒപ്പും നിര്‍ബന്ധമാണ്. അതിനുശേഷം മാത്രമേ രാജ്യവ്യാപകമായി സ്ഥിര ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാകൂ.