ഉച്ചയ്ക്കു ശേഷം മഴ ശക്തമാകും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By: 600007 On: Oct 21, 2021, 8:37 AM

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നായിരുന്നു രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 

അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. ബുധനാഴ്ച പകല്‍ സമയം കേരളത്തില്‍ പൊതുവേ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ശക്തമാവുകയായിരുന്നു. അതിശക്തമായ മഴയാണ് ഇന്നലെ വൈകുന്നേരവും രാത്രിയും മലയോര മേഖലകളില്‍ അനുഭവപ്പെട്ടത്.

Content highlight: Heavy rain alert in kerala