ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും; കപ്പലുകള്‍ക്ക് 20% ഫീസ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

By: 600002 On: Jul 15, 2026, 9:12 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ  നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവിലേക്ക് പാതയിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകള്‍ക്കും 20 ശതമാനം ഫീസ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയും ഫോക്‌സ് ന്യൂസ് അഭിമുഖത്തിലൂടെയുമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഇറാനുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്ക് തങ്ങള്‍ അടച്ചുവെന്ന ഇറാന്റെ വാദത്തെ ട്രംപ് തള്ളി. കടലിടുക്കിലെ സുരക്ഷാ ചുമതല ഇനി അമേരിക്കയ്ക്കായിരിക്കുമെന്നും ഇതിനുള്ള നടപടികള്‍ ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി പ്രതിഫലമില്ലാതെയാണ് യുഎസ് ഇവിടെ കാവല്‍ നിന്നതെന്നും ഇനി അത് അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.അതേസമയം, യുഎസിന്റെ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് വ്യക്തമാക്കി. 

യുഎസ് തങ്ങളുടെ മൂന്നാം ദിവസത്തെ ആക്രമണത്തിന്റെ ഭാഗമായി ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില 5 ശതമാനത്തിലധികം വര്‍ദ്ധിച്ച് ബാരലിന് 75 ഡോളറിലെത്തി.