അമേരിക്കയിൽ വയറിളക്കത്തിന് കാരണമാകുന്ന സൈക്ലോസ്പോറ രോഗബാധ പടരുന്നതിനാൽ കാനഡയിലുള്ളവർ ജാഗ്രത പാലിക്കണമെന്നs മുന്നറിയിപ്പ്

By: 600110 On: Jul 15, 2026, 7:07 AM

അമേരിക്കയിൽ വയറിളക്കത്തിന് കാരണമാകുന്ന സൈക്ലോസ്പോറ എന്ന രോഗബാധ പടരുന്നതിനാൽ കാനഡയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ 34 സംസ്ഥാനങ്ങളിലായി ഇതുവരെ 1,600-ലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  യാത്രകൾ ഒന്നും നടത്താത്തവർക്കും പച്ചക്കറികളിലൂടെയും പഴങ്ങളിലൂടെയുമാണ് രോഗം പടർന്നതെന്ന് യു.എസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.

മനുഷ്യൻ്റെ കുടലിനെയാണ് ഈ രോഗം ബാധിക്കുന്നത്. സാധാരണയായി കാനഡയിലെ ഭക്ഷണങ്ങളിലോ കുടിവെള്ളത്തിലോ ഇത് കാണാറില്ല. എങ്കിലും വസന്തകാലത്തും വേനൽക്കാലത്തും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും വഴിയാണ് കാനഡയിൽ സാധാരണയായി ഈ രോഗം കണ്ടുവരാറുള്ളത്. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഇത് കൂടുതലായി പടരുന്നത്. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. മലത്തിലൂടെ പുറന്തള്ളപ്പെടുന്ന ഈ പരാദം, ദിവസങ്ങളോളം പുറത്ത് കിടന്ന ശേഷമാണ് മറ്റുള്ളവരിലേക്ക് പകരാൻ ശേഷി നേടുന്നത്.

അണുബാധയുള്ള ഭക്ഷണം കഴിച്ച് 7 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.  കടുത്ത വയറിളക്കം, വയറുവേദന, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ
നേരിയ പനി, ഓക്കാനം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിന്നേക്കാം. ആൻ്റിബയോട്ടിക് മരുന്നുകളിലൂടെ ഇത് വേഗത്തിൽ ഭേദമാക്കാൻ സാധിക്കും. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ രോഗം ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.

കാനഡയിൽ നിലവിൽ ഈ രോഗബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. കാനഡയിൽ പ്രതിവർഷം ശരാശരി 298 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യാറുള്ളത്. എങ്കിലും രോഗബാധ ഒഴിവാക്കാൻ കാനഡക്കാർ ചില മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു.     പച്ചക്കറികളും പഴങ്ങളും എപ്പോഴും വൃത്തിയായി കഴുകി മാത്രം ഉപയോഗിക്കുക. ഇറക്കുമതി ചെയ്ത പച്ചക്കറികൾ നന്നായി വേവിച്ചു മാത്രം കഴിക്കുക. വേനൽക്കാലത്ത് കാനഡയിൽ തന്നെ ഉത്പാദിപ്പിക്കുന്ന പ്രാദേശിക പച്ചക്കറികൾക്കും പഴങ്ങൾക്കും മുൻഗണന നൽകുക. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.