കേരള അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി: ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജര്‍ വര്‍ഗീസ് എടത്തുകാരന് സ്വീകരണം നല്‍കി

By: 600002 On: Jul 14, 2026, 4:00 PM



 

പി പി ചെറിയാന്‍

ഡാളസ്: കേരള അസോസിയേഷന്റെ (KAD) സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'സ്‌നേഹസംഗമം' യുവ വോളന്റിയര്‍ കൂട്ടായ്മയില്‍ ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജര്‍ വര്‍ഗീസ് എടത്തുകാരന് ഊഷ്മളമായ സ്വീകരണം നല്‍കി. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത വര്‍ഗീസ് എടത്തുകാരനുമായി യുവ വോളന്റിയര്‍മാര്‍ സംവദിക്കുകയും, അന്താരാഷ്ട്ര തലത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്ത 'Meet & Greet' സെഷന്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി മാറി. പുതുതലമുറയിലെ മിടുക്കരായ വോളന്റിയര്‍മാര്‍ക്കും അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ നിരവധി യുവജനങ്ങള്‍ക്കും ഈ കൂടിക്കാഴ്ച വലിയ ആവേശമാണ് പകര്‍ന്നു നല്‍കിയത്.

അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം വലിയ സ്‌ക്രീനില്‍ തത്സമയം കാണാനുള്ള സൗകര്യവും വോളന്റിയര്‍മാര്‍ക്കായി ഒരുക്കിയിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ അന്താരാഷ്ട്ര അനുഭവസമ്പത്തുള്ള വ്യക്തിത്വങ്ങളുമായുള്ള ഈ യുവജന കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ഷിജു എബ്രഹാം ,നൈനാന്‍ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത് ടെക്‌സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍  അനശ്വര്‍ മാംമ്പിള്ളി ,ജിജി സ്‌കറിയാ, നെബു കുര്യാക്കോസ് ,വിനോദ്  തുടങ്ങിയ കെ.എ.ഡി ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.