കാനഡയിൽ നിന്ന് വേർപിരിയണമെന്ന ചർച്ചകൾക്കിടയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നാമതായി ആൽബർട്ട

By: 600110 On: Jul 14, 2026, 1:11 PM

 

 

 

കാനഡയിൽ നിന്ന്  വേർപിരിയണമെന്ന ചർച്ചകൾ ആൽബർട്ടയിൽ ശക്തമായി തുടരുന്നതിനിടയിലും രാജ്യത്തെ സാമ്പത്തിക വികസനത്തിന് കരുത്തേകി പ്രവിശ്യയിലെ തൊഴിൽ വിപണി.  സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ തൊഴിൽ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ കാനഡയിലാകെ സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലവസരങ്ങളിൽ പത്തിൽ എട്ടും ആൽബർട്ടയിലാണ്. രാജ്യത്തെ മറ്റ് പ്രവിശ്യകൾ തൊഴിൽ വളർച്ചയിൽ മന്ദഗതിയിലായപ്പോൾ ആൽബർട്ടയിലെ സ്വകാര്യ മേഖലയാണ് ഈ വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

കഴിഞ്ഞ 12 മാസത്തിനിടെ കാനഡയിലാകെ 99,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ അതിൽ 78,500 എണ്ണവും സംഭാവന ചെയ്തത് ആൽബർട്ടയാണ്. ഇതിൽ ഭൂരിഭാഗവും ഹെൽത്ത് കെയർ, സോഷ്യൽ അസിസ്റ്റൻസ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലാണ്. മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടായ കുടിയേറ്റവും ജനസംഖ്യാ വർദ്ധനവുമാണ് ആൽബർട്ടയിൽ ഇത്രയധികം പുതിയ സേവന-തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായകരമായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂൺ മാസത്തിലെ കണക്കനുസരിച്ച് ആൽബർട്ടയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം ഉയർന്ന് 26.7 ലക്ഷത്തിലെത്തി.

രാജ്യത്തിൻ്റെ സാമ്പത്തിക എഞ്ചിനായി ആൽബർട്ട മാറുമ്പോഴും ഫെഡറൽ സർക്കാരിനോടുള്ള കടുത്ത വിയോജിപ്പിനെ തുടർന്ന് കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമാണ്. തങ്ങളുടെ നികുതിപ്പണം മറ്റ് പ്രവിശ്യകളുടെ വികസനത്തിനായി ഫെഡറൽ സർക്കാർ ഉപയോഗിക്കുന്നതിലുള്ള അതൃപ്തിയാണ് ഇതിന് പ്രധാന കാരണം. എങ്കിലും ഈ രാഷ്ട്രീയ തർക്കങ്ങൾ പ്രവിശ്യയിലെ വ്യവസായ മേഖലയെ ബാധിച്ചിട്ടില്ലെന്നും, കാനഡയിലെ ഏറ്റവും ശക്തമായ തൊഴിൽദാതാവായി ആൽബർട്ട ഇപ്പോഴും തുടരുകയാണെന്നുമാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.