'പാത്ത്‌വേസ്' പദ്ധതിക്കായി ഫെഡറൽ-സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

By: 600110 On: Jul 14, 2026, 1:06 PM

 

കനേഡിയൻ - ആൽബർട്ട സർക്കാരുകളും  രാജ്യത്തെ അഞ്ച് പ്രമുഖ എണ്ണക്കമ്പനികളും കോടിക്കണക്കിന് ഡോളറിൻ്റെ 'പാത്ത്‌വേസ്' കാർബൺ സംഭരണ പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വെസ്റ്റ് കോസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രധാന നിബന്ധനയാണ് ഈ കാർബൺ സംഭരണ പദ്ധതി. പുതിയ പൈപ്പ്‌ലൈൻ്റെ ഭാഗമായി ഉണ്ടാകുന്ന കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാൻ ഇത് സഹായിക്കും. ആൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയിലെ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ്‌ലൈൻ പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കാൻ ഇരു സർക്കാരുകളും സമ്മതിച്ചിട്ടുണ്ട്.

ജൂലൈ 2-നാണ് ഈ ധാരണാപത്രം ഒപ്പിട്ടത്. അന്നുതന്നെയാണ് ആൽബർട്ട സർക്കാർ തങ്ങളുടെ പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർദ്ദേശം ഫെഡറൽ ഓഫീസിന് മുൻപിൽ സമർപ്പിച്ചതും. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികൾ വിജയിച്ചിട്ടുള്ളത് ഇത്തരം കൂട്ടായ്മകളിലൂടെയാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി ഫെഡറൽ സർക്കാരും ആൽബർട്ടയും ഒന്നിച്ച് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഫെഡറൽ ഊർജ്ജ മന്ത്രി ടിം ഹോഡ്‌സൺ വ്യക്തമാക്കി.
 
പരിസ്ഥിതിക്ക് ദോഷകരമായ കാർബൺ ഡയോക്സൈഡ് വാതകം പിടിച്ചെടുത്ത് ഭൂമിക്കടിയിൽ സുരക്ഷിതമായി സൂക്ഷിക്കുകാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  കനേഡിയൻ നാച്ചുറൽ റിസോഴ്‌സസ്, ഇംപീരിയൽ ഓയിൽ, സൺകോർ, സെനോവസ് എനർജി, കൊണോകോഫിലിപ്സ് എന്നീ അഞ്ച് കമ്പനികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.  പദ്ധതിയുടെ ആദ്യഘട്ടം 2032 ജനുവരി ഒന്നോടെയും പൂർണ്ണരൂപം 2035-ഓടെയും പൂർത്തിയാകും. വടക്കൻ ആൽബർട്ടയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് കാർബൺ ഡയോക്സൈഡ് ശേഖരിച്ച് പൈപ്പ്‌ലൈൻ വഴി കോൾഡ് ലേക്കിന് സമീപമുള്ള ഭൂഗർഭ കേന്ദ്രത്തിൽ സംഭരിക്കും. പ്രതിവർഷം 60 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് ഇങ്ങനെ സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി നികുതിയിളവുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.