കാൽഗറിയിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

By: 600110 On: Jul 14, 2026, 10:18 AM

 

 

കാനഡയിലെ തെക്കുകിഴക്കൻ കാൽഗറിയിലുള്ള ലെഗസി കമ്മ്യൂണിറ്റിയിലെ ഒരു സ്റ്റോം പോണ്ടിൽ വീണ് ആറ് വയസ്സുകാരി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1:15 ഓടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. കുട്ടി വെള്ളത്തിൽ വീണത് ശ്രദ്ധയിൽപ്പെട്ടൊരു കുടുംബാംഗം ഉടൻ തന്നെ വെള്ളത്തിലിറങ്ങി കുട്ടിയെ കരയ്ക്കെത്തിച്ചിരുന്നു. അവിടെയുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷയും (CPR) നൽകി. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. 

കുട്ടി ഏകദേശം 20 മിനിറ്റോളം വെള്ളത്തിനടിയിലായിരുന്നു എന്നാണ് കരുതുന്നത്. പാരാമെഡിക്കൽ ജീവനക്കാർ കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കുളത്തിൽ മറ്റാരും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താൻ അക്വാറ്റിക് റെസ്ക്യൂ ടീം സോണാർ (Sonar) ഉപകരണങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി.  ഇത്തരം Storm Ponds-കൾ നീന്താനോ മറ്റ് വിനോദങ്ങൾക്കോ ഉള്ളതല്ലെന്ന് കാൽഗറി ഫയർ വക്താവ് അലക്സ് ക്വാൻ വ്യക്തമാക്കി. "വെള്ളമുള്ള എവിടെയും അപകടസാധ്യതയുമുണ്ട്. ഈ കുളങ്ങൾ നീന്തലിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയല്ല. മാതാപിതാക്കൾ എപ്പോഴും കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം," അദ്ദേഹം ഓർമ്മിപ്പിച്ചു.

കുട്ടിയുടെ വേർപാടിൽ ലെഗസി പ്രദേശത്തെ താമസക്കാർ ആകെ നടുക്കത്തിലാണ്. അപകടം നടന്ന കുളത്തിന്റെ തീരത്ത് പ്രദേശത്തെ കുട്ടികളും മുതിർന്നവരും പൂക്കളും അനുശോചന കുറിപ്പുകളും സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.