അത്യുഷ്ണം: മാനിറ്റോബയിൽ റോഡുകൾ വിണ്ടുകീറി തകർന്നു; നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ

By: 600110 On: Jul 14, 2026, 10:13 AM

 

 

കാനഡയിലെ മാനിറ്റോബയിലുണ്ടായ കടുത്ത ചൂടിനെത്തുടർന്ന് റോഡുകളും ഹൈവേകളും വിണ്ടുകീറി തകരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച പെരിമീറ്റർ ഹൈവേയുടെ പടിഞ്ഞാറൻ ഭാഗം താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു. റോഡുകൾ തകർന്നത് മൂലം നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ കോൺക്രീറ്റ് റോഡുകൾ വികസിക്കുകയും,  ജോയിൻ്റുകൾ തകർന്ന് മുകളിലേക്ക് ഉയരുകയുമായിരുന്നു.

മുന്നിൽ പോയ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് റോഡിലെ വലിയ കുഴി തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഒരു കാർ യാത്രക്കാരൻ വ്യക്തമാക്കി. പെട്ടെന്ന് വണ്ടി തിരിക്കാൻ നോക്കിയെങ്കിലും വലിയൊരു ശബ്ദത്തോടെ കാർ കുഴിയിൽ വീണു. റോഡിൽ തെറിച്ചുകിടന്ന കോൺക്രീറ്റ് കഷ്ണങ്ങൾ തട്ടി കാറിൻ്റെ പെട്രോൾ ടാങ്ക് തകരുകയും ഇന്ധനവും ഓയിലും പുറത്തേക്ക് ഒഴുക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് റോഡ് അടച്ചത്."

റോഡ് തകർന്നത് കാരണം ടയർ പഞ്ചായും മറ്റും നിരവധി വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. കടുത്ത ചൂടിൽ മണിക്കൂറുകളോളമാണ് പലർക്കും സഹായത്തിനായി കാത്തുനിൽക്കേണ്ടി വന്നത്. ഹൈവേകൾക്ക് പുറമെ വിന്നിപെഗ് നഗരത്തിലെ റോഡുകളും നടപ്പാതകളും ഇത്തരത്തിൽ തകരുന്നുണ്ട്. അടിയന്തിര അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും റോഡുകൾ തകരുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കടുത്ത ചൂടിനെ തുടർന്ന് വാഹന തകരാറുകൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് റോഡ് സൈഡ് അസിസ്റ്റൻസ് നൽകുന്ന സംഘടനയായ CAA വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. വാഹനത്തിലെ കൂളൻ്റ് കൃത്യമായ അളവിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൂടു കൂടുമ്പോൾ ടയറിലെ വായുസമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ടയർ പ്രഷർ കൃത്യമായി പരിശോധിക്കുക. യാത്രകളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതുന്നതിനൊപ്പം വഴിയിൽ വണ്ടി കേടായാൽ സഹായം അഭ്യർത്ഥിക്കാൻ മൊബൈൽ ഫോണുകളിൽ എപ്പോഴും ചാർജ് ഉണ്ടെന്നും ഉറപ്പാക്കുക.