കാനഡയിൽ പേൻ പോലുള്ള 'ബ്ലാക്ക് ലെഗ്ഗ്ഡ് ടിക്കുകൾ' വഴി പകരുന്ന അനാപ്ലാസ്മോസിസ് എന്ന രോഗം പടരുന്നതായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിന്റെ (CMAJ) മുന്നറിയിപ്പ്. സാധാരണയായി കണ്ടുവരുന്ന ലൈം ഡിസീസിന് പുറമേയാണിത്. കിഴക്കൻ കാനഡയിൽ പനിയുമായി എത്തുന്ന രോഗികളിൽ അനാപ്ലാസ്മോസിസ് സാധ്യത കൂടി പരിശോധിക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കിഴക്കൻ ഒൻ്റാരിയോയിൽ താമസിക്കുന്ന 79 കാരനായ ഒരു വൃദ്ധന് കടുത്ത പനി, തളർച്ച, ഹൃദയപേശികളിലെ വീക്കം (Myocarditis), വൃക്ക തകരാർ എന്നിവ ബാധിച്ചതിനെ തുടർന്നാണ് ഈ രോഗത്തെക്കുറിച്ച് പഠനം നടത്തിയത്. 'ഡോക്സിസൈക്ലിൻ' എന്ന ആൻ്റിബയോട്ടിക് നൽകിയതിലൂടെ അദ്ദേഹം പിന്നീട് പൂർണ്ണമായി സുഖം പ്രാപിച്ചു. തുടക്കത്തിൽ പനി, കടുത്ത തലവേദന, തളർച്ച എന്നിവയാണ് അനാപ്ലാസ്മോസിസിൻ്റെ ലക്ഷണങ്ങൾ. സാധാരണ പനിയുടെ ലക്ഷണങ്ങളായതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകാറുണ്ട്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് മസ്തിഷ്ക വീക്കം, ശ്വാസതടസ്സം, വൃക്ക തകരാർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
പരിശോധനാ ഫലം വരാൻ കാത്തുനിൽക്കാതെ, രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ആൻ്റിബയോട്ടിക് ചികിത്സ ആരംഭിക്കണമെന്ന് മെഡിക്കൽ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കാനഡയിൽ ടിക്കുകൾ വഴി പകരുന്ന രോഗങ്ങൾ വേഗത്തിലാണ് വർദ്ധിക്കുന്നത്. പരിശോധിച്ച ടിക്കുകളിൽ അനാപ്ലാസ്മോസിസ് ബാക്ടീരിയയുടെ സാന്നിധ്യം 2022-ൽ മൂന്ന് ശതമാനമായിരുന്നത് 2024-ൽ ആറ് ശതമാനമായി ഉയർന്നു. ഈ രണ്ട് രോഗങ്ങളും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ലൈം ഡിസീസ് ബാധിക്കുന്നവരുടെ ചർമ്മത്തിൽ ചുവന്ന തിണർപ്പുകൾ ഉണ്ടാകാറുണ്ട്. അനാപ്ലാസ്മോസിസ് രോഗികളിൽ സാധാരണയായി ചർമ്മത്തിൽ പാടുകൾ ഉണ്ടാകാറില്ല. എന്നാൽ രക്തകോശങ്ങളുടെ എണ്ണം ഗണ്യമായി കുറയും. ചില രോഗികൾക്ക് ഈ രണ്ട് രോഗങ്ങളും ഒരേസമയം വരാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഈ രോഗബാധയെ ഭയന്ന് ആളുകൾ പുറത്തിറങ്ങാതിരിക്കേണ്ടതില്ലെന്നും എന്നാൽ ലളിതമായ ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണെന്നും ഡോക്ടർമാർ പറയുന്നു. പുറത്തുപോകുമ്പോൾ 'DEET' അല്ലെങ്കിൽ 'Icaridin' അടങ്ങിയ പ്രാണികളെ അകറ്റുന്ന പ്രതിരോധ സ്പ്രേകൾ ഉപയോഗിക്കുന്നത് നല്ലതാണ്. കാടുകളിലോ പുല്ലുനിറഞ്ഞ സ്ഥലങ്ങളിലോ പോയി വന്നാൽ ശരീരത്തിൽ ടിക്കുകൾ കടിച്ചുതൂങ്ങി കിടക്കുന്നുണ്ടോ എന്ന് നന്നായി പരിശോധിക്കുകയും വേഗത്തിൽ നീക്കം ചെയ്യുകയും വേണം. ടിക്കുകൾ കടിച്ചാൽ ഉടൻ തന്നെ അവയെ നീക്കം ചെയ്താൽ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ് (പ്രത്യേകിച്ച് 24 മണിക്കൂറിനുള്ളിൽ). മൂർച്ചയുള്ള Fine-point Tweezers ഉപയോഗിച്ച് ടിക്കിനെ മുകളിലേക്ക് വലിച്ചെടുത്ത ശേഷം ആ ഭാഗം സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.