ഒന്റാരിയോയെ നടുക്കിയ റസ്റ്റോറന്റ് ഉടമയുടെ മരണം; മുഖ്യപ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

By: 600002 On: Jul 13, 2026, 6:41 PM



 

പ്രസാദ് തീയാടിക്കല്‍

ഒന്റാറിയോ: 2023-ല്‍ ഒന്റാരിയോയിലെ ഓവന്‍ സൗണ്ടിലുള്ള 'ദ കറി ഹൗസ്' (The Curry House) റസ്റ്റോറന്റിന്റെ ഉടമ ശരീഫ് റഹ്‌മാന്‍ മരിക്കാനിടയായ ആക്രമണക്കേസില്‍ ബ്രിട്ടീഷ് പൗരനായ റോബര്‍ട്ട് ഇവാന്‍സിന് (Robert Evans) മൂന്നര വര്‍ഷം തടവ് വിധിച്ചു. സ്‌കോട്‌ലന്‍ഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കാനഡയിലേക്ക് കൈമാറപ്പെട്ട ഇവാന്‍സ്, മാന്‍സ്ലോട്ടര്‍ (Manslaughter) കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ഓവന്‍ സൗണ്ട് കോടതിയുടെ ശിക്ഷ.

2023 ഓഗസ്റ്റില്‍, ഭക്ഷണം കഴിച്ച ശേഷം ബില്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച സംഘത്തെ ശരീഫ് റഹ്‌മാന്‍ ചോദ്യം ചെയ്തപ്പോള്‍ ഉണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം നടന്നത്. കോടതിയില്‍ അവതരിപ്പിച്ച വസ്തുതകള്‍ പ്രകാരം, റോബര്‍ട്ട് ഇവാന്‍സ് റഹ്‌മാന്റെ മുഖത്ത് ഇടിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിലത്തുവീണ് തല പാതയോരത്ത് ശക്തമായി ഇടിക്കുകയും തലയോട്ടി പൊട്ടുകയും ഗുരുതരമായ മസ്തിഷ്‌ക രക്തസ്രാവമുണ്ടാകുകയും ചെയ്തു. ചികിത്സയിലിരിക്കെ ഒരാഴ്ചയ്ക്കുശേഷമാണ് ശരീഫ് റഹ്‌മാന്‍ മരിച്ചത്.

വിചാരണയ്ക്ക് മുമ്പ് കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവിന് കോടതി ക്രെഡിറ്റ് നല്‍കിയതിനാല്‍, ഇവാന്‍സിന് ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ശിക്ഷാവിധിയില്‍ ബാക്കി. അതിന് ശേഷം അദ്ദേഹത്തെ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിക്ക് (CBSA) കൈമാറി ബ്രിട്ടനിലേക്ക് നാടുകടത്തും.

കേസില്‍ പ്രതിയുടെ പിതാവായ റോബര്‍ട്ട് ബസ്ബി ഇവാന്‍സ്, അമ്മാവനായ ബാരി ഇവാന്‍സ് എന്നിവര്‍ക്കും ആക്‌സസറി ആഫ്റ്റര്‍ ദ ഫാക്റ്റ് കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് 21 മാസത്തെ തടവ് വിധിച്ചു. ആക്രമണത്തിന് ശേഷം പ്രതിയെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയും കാനഡ വിടാനുള്ള വിമാന ടിക്കറ്റ് വാങ്ങിക്കൊടുക്കുകയും ചെയ്തതാണ് ഇവര്‍ക്കെതിരായ കുറ്റം.

സ്വതന്ത്ര റസ്റ്റോറന്റ് ഉടമകള്‍ക്കും ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാര്‍ക്കും നേരിടേണ്ടിവരുന്ന സുരക്ഷാ ഭീഷണികളെ വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയ സംഭവമായാണ് ഈ കേസ് കാനഡയില്‍ വിലയിരുത്തപ്പെടുന്നത്.