മൂന്ന് വര്‍ഷത്തെ ഒളിവിന് വിരാമം; കനേഡിയന്‍ പ്രതിയെ കൊളംബിയയില്‍ പിടികൂടി

By: 600002 On: Jul 13, 2026, 6:32 PM



 

പ്രസാദ് തീയാടിക്കല്‍

മെഡെല്ലിന്‍, കൊളംബിയ: മൂന്ന് വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന കനേഡിയന്‍ പ്രതിയായ ആരിഫ് ജുമാന്‍ (Arif Jhuman) കൊളംബിയയിലെ മെഡെല്ലിനില്‍ ഒരു ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നാടകീയമായി അറസ്റ്റിലായി. കാനഡയും അമേരിക്കയും തിരയുകയായിരുന്ന ജുമാനെ കൊളംബിയന്‍ ദേശീയ പോലീസും അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളും ചേര്‍ന്നാണ് പിടികൂടിയത്.

അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ അന്വേഷണപ്രകാരം, ഫ്‌ലോറിഡയില്‍ നിന്ന് കാനഡയിലേക്ക് 100-ലധികം തോക്കുകള്‍ കടത്തിയ അന്തര്‍ദേശീയ ആയുധക്കടത്ത് ശൃംഖലയില്‍ ജുമാന്‍ പ്രധാന പങ്കുവഹിച്ചിരുന്നതായി ആരോപണമുണ്ട്. കടത്തിക്കൊണ്ടുവന്ന ആയുധങ്ങളില്‍ ചിലത് കാനഡയിലെ നിരവധി കുറ്റകൃത്യങ്ങളിലും മൂന്ന് കൊലപാതക അന്വേഷണങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

അതേസമയം, മയക്കുമരുന്ന് കടത്ത് കേസില്‍ ഏകദേശം 10 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് 2023-ല്‍ ഒളിവില്‍ പോയതിനാലും കാനഡന്‍ അധികൃതര്‍ ജുമാനെ തിരഞ്ഞുവരികയായിരുന്നു.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ജുമാന്‍ കൊളംബിയയില്‍ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ആയുധധാരികളായ സുരക്ഷാസേന ജിമ്മില്‍ പ്രവേശിച്ച് ജുമാനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

നിലവില്‍ ജുമാന്‍ കൊളംബിയന്‍ അധികൃതരുടെ കസ്റ്റഡിയിലാണ്. പ്രതിയെ കാനഡയിലേക്കോ അമേരിക്കയിലേക്കോ കൈമാറുന്ന (Extradition) നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.