പി പി ചെറിയാന്‍
പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സുഹൃത്തിന്റെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയ 63-കാരനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ 26-കാരനായ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റിലായി. ക്രിസ്റ്റ്യന്‍ ജാക് ജോസഫ് എന്ന ഡോക്ടര്‍ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് (Manslaughter) കേസ് രജിസ്റ്റര്‍ ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ 1.30-ഓടെ സൗത്ത് പെര്‍ത്തിലായിരുന്നു സംഭവം. രാത്രി പുറത്തുപോയി തിരിച്ചെത്തിയ ജോസഫും സുഹൃത്തും, ഒരാള്‍ തങ്ങളുടെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് കാണുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ടു പിടികൂടി. തുടര്‍ന്ന് ജോസഫ് ഇയാളെ നിലത്തു കിടത്തി കഴുത്തു ഞെരിക്കുകയായിരുന്നു.
കഴുത്തു ഞെരിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായ 63-കാരന് ജോസഫ് തന്നെ സി.പി.ആര്‍ നല്‍കുകയും സുഹൃത്തിനെക്കൊണ്ട് ആംബുലന്‍സ് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു.
പ്രതിഭാഗം അഭിഭാഷകന്‍ ഇത് ആത്മരക്ഷാര്‍ത്ഥം ചെയ്തതാണെന്ന് കോടതിയില്‍ വാദിച്ചെങ്കിലും മജിസ്ട്രേറ്റ് ജോസഫിന് ജാമ്യം നിഷേധിച്ചു. സര്‍ ചാള്‍സ് ഗെയ്ഡ്നര്‍ ആശുപത്രിയിലെ ഡോക്ടറായ ജോസഫിനെ ഓഗസ്റ്റ് 5-ന് കോടതിയില്‍ വീണ്ടും ഹാജരാക്കും.