ലോസ് ഏഞ്ചല്‍സ്: ഭാവിയില്‍ വലിയൊരു ഫുട്‌ബോള്‍ താരമാകണമെന്ന സ്വപ്നങ്ങള്‍ ബാക്കിയാക്കി പതിനഞ്ചുകാരന്‍ തെരുവ് സംഘര്‍ഷത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. റോസ്മീഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ സജീവ അംഗവുമായ അസിയേല്‍ സകപാല ആണ് ലോസ് ഏഞ്ചല്‍സില്‍ കുത്തേറ്റു മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് എല്‍ മോണ്ടെയിലെ പൊട്ടേറോ സ്‌കൂളിന് സമീപമുണ്ടായ വന്‍ സംഘര്‍ഷത്തിലാണ് അസിയേലിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അസിയേലിനെയും മറ്റ് രണ്ട് മുതിര്‍ന്ന വ്യക്തികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൗമാരക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടുപേരുടെ നില നിലവില്‍ തൃപ്തികരമാണ്.
അക്രമത്തിന്റെ കാരണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അസിയേലിന്റെ അപ്രതീക്ഷിത വിയോഗം സിംഗിള്‍ മദറായ അമ്മയും ഒരു നവജാത ശിശുവുള്‍പ്പെടെയുള്ള രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബത്തെ വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കും കുടുംബത്തെ സഹായിക്കാനുമായി ആരംഭിച്ച 'ഗോഫണ്ട്മീ' (GoFundMe) ക്യാമ്പയിനിലൂടെ ഇതിനകം 18,000 ഡോളറിലധികം (ഏകദേശം 15 ലക്ഷത്തിലധികം രൂപ) സമാഹരിച്ചിട്ടുണ്ട്.