പ്രസാദ് തീയാടിക്കല്‍
ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സാംസ്‌കാരിക-ഭക്ഷ്യ മേളകളിലൊന്നായ 'ടേസ്റ്റ് ഓഫ് ഇന്ത്യ' (Taste of India) ഫെസ്റ്റിവല്‍ ഓഗസ്റ്റ് 1, 2 തീയതികളില്‍ ടൊറന്റോയിലെ നാഥന്‍ ഫിലിപ്‌സ് സ്‌ക്വയറില്‍ നടക്കും. ഒന്‍പതാം വാര്‍ഷികമായി സംഘടിപ്പിക്കുന്ന ഈ മേള ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരവും പൈതൃകവും കലാപാരമ്പര്യവും കാനഡയിലെ ബഹുസാംസ്‌കാരിക സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകള്‍, തത്സമയ സംഗീത-നൃത്ത പരിപാടികള്‍, സാംസ്‌കാരിക അവതരണങ്ങള്‍, കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വിനോദങ്ങള്‍, ഷോപ്പിംഗ് സ്റ്റാളുകള്‍ എന്നിവ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.
സ്‌കൂള്‍ ഓഫ് ഫ്‌ലേവേഴ്സും (School of Flavours) യങ് കനേഡിയന്‍ അലയന്‍സും (Young Canadian Alliance) സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 11 മണിവരെ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. സംഘാടകര്‍ ആയിരക്കണക്കിന് സന്ദര്‍ശകരെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.