അമേരിക്കയിൽ ഏകദേശം 80,000 ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം എന്ന് റിപ്പോർട്ടുകൾ 

By: 600007 On: Oct 20, 2021, 6:51 AM

യുഎസ് ട്രക്കിംഗ്  വ്യവസായത്തിൽ  ഏകദേശം  80,000 ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം ഉള്ളതായി അമേരിക്കൻ ട്രക്കിംഗ് അസോസിയേഷനുകളുടെ പ്രസിഡന്റും സിഇഒയുമായ ക്രിസ് സ്പിയർ. പ്രമുഖ മാധ്യമമായ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പങ്കു വെച്ചത്. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ 71 ശതമാനം ചരക്ക് നീക്കവും നടക്കുന്നത് ട്രക്കുകൾ വഴിയാണെന്ന് ക്രിസ് സ്പിയർ പറഞ്ഞു. 

പല ഡ്രൈവർമാരും വിരമിക്കുകയും ട്രക്കിങ് മേഖലയിനിന്ന് ആളുകൾ പിന്മാറുന്നതും വർദ്ധിച്ച ഉപഭോക്തൃ ആവശ്യം എന്നിവയെല്ലാം ട്രക്ക് ഡ്രൈവർമാരുടെ ആവശ്യം വർധിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്തതിനാൽ അമേരിക്കയിലെ പോർട്ടുകളിൽ ചരക്കു നീക്കം മന്ദഗതിയിലാണ്.  ലോസ് ഏഞ്ചൽസ്, ലോംഗ് ബീച്ച് തുറമുഖങ്ങൾ 24/7 പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ പ്രസിഡന്റ് ബൈഡൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഡ്രൈവർമാരുടെ ക്ഷാമം കാരണം, തുറമുഖങ്ങൾക്ക് ഇപ്പോഴും മുഴുവൻ സമയവും പ്രവർത്തിക്കാനാകില്ല എന്നാണ് റിപ്പോർട്ടുകൾ.