സവരിയയുടെ കൊലപാതകം: ക്രൂര മര്‍ദ്ദനത്തിന്റെ തെളിവുകളെന്ന് കുടുംബം

By: 600002 On: Jul 13, 2026, 3:50 PM



 

പ്രസാദ് തീയാടിക്കല്‍

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായ സവരിയ ബസന്തിന്റെ (22) മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്ത്. 

സവരിയയുടെ ശരീരത്തില്‍ തല മുതല്‍ കാല്‍വരെ ഗുരുതരമായ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റതുമാത്രമല്ല, ക്രൂരമായി മര്‍ദിച്ചതിന്റെ തെളിവുകളാണ് ശരീരത്തിലുടനീളം ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

സവരിയയുടെ മാതുലനായ ജനീഷ് ഉസ്ബെക്കിസ്ഥാനില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ശേഷം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി കേരളത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സവരിയയുടെ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനം ആണ് കേസിലെ പ്രതി. ഇയാളെ ഉസ്ബെക്കിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഹരിപ്പാട് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.