ബ്രിട്ടീഷ് കൊളംബിയയിൽ ഈ വർഷം മുങ്ങിമരണങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ബി.സി ആൻഡ് യൂക്കോൺ ലൈഫ് സേവിങ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം, ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം പ്രവിശ്യയിൽ കുറഞ്ഞത് 30 പേരെങ്കിലും മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20 മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. മരണനിരക്കിൽ ഉണ്ടായ ഈ വർദ്ധനവ് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വ്യക്തമാക്കിയ സുരക്ഷാ സംഘടനകൾ, ജലാശയങ്ങളിൽ ഇറങ്ങുന്നവർ ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകി.
നീന്തൽ, ബോട്ടിംഗ്, കയാക്കിങ്, പാഡിൽബോർഡിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും. ഈ അപകടങ്ങളിലെല്ലാം തന്നെ ആളുകൾ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ല എന്നതാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണം. മിഷനിലെ ഹേവാർഡ് തടാകത്തിൽ പാഡിൽബോർഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീണ 58 കാരനും സ്ക്വാമിഷിലെ ബ്രൗണിംഗ് തടാകത്തിൽ അപകടത്തിൽപ്പെട്ട ദമ്പതികളും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടാതെ റോബർട്ട്‌സ് ബാങ്കിന് സമീപം പത്ത് പേരുമായി മുങ്ങിയ ചാർട്ടർ ഫിഷിംഗ് ബോട്ടിലെ ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഇതിൽ ഒരാൾ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പ്രവിശ്യയിലെ ഭൂരിഭാഗം മുങ്ങിമരണങ്ങളും നദികൾ, തടാകങ്ങൾ, കടൽ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളിലാണ് സംഭവിക്കുന്നത്. ഇത്തരം സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നത് ആളുകളിൽ ഒരു വ്യാജ സുരക്ഷാബോധം സൃഷ്ടിക്കുന്നുണ്ടെന്ന് ബി.സി അഡ്വഞ്ചർസ്മാർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സാന്ദ്ര റിച്ചസ് പറഞ്ഞു.
പലരും തങ്ങളുടെ നീന്തൽ വൈദഗ്ധ്യത്തിൻ്റെ പരിധിക്കപ്പുറമുള്ള സാഹസങ്ങൾക്ക് മുതിരുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. യാത്ര കൃത്യമായി പ്ലാൻ ചെയ്യുക, ആവശ്യമായ പരിശീലനം നേടുക, അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ കരുതുക എന്നീ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ ജലാശയങ്ങളിലെ വിനോദങ്ങൾ സുരക്ഷിതമാക്കാൻ സാധിക്കൂ എന്ന് സുരക്ഷാ വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു.