അമേരിക്കയുമായി വ്യാപാര കരാറില്ല; കനേഡിയൻ നിർമാണ കമ്പനികൾ യുഎസിലേക്ക് ചേക്കേറുന്നു, മാർക്ക് കാർണിക്ക് തിരിച്ചടി

By: 600110 On: Jul 13, 2026, 11:07 AM

യുഎസുമായി വ്യാപാര കരാർ ഒപ്പിടുന്നതിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ നിർമാണ കമ്പനികൾ തങ്ങളുടെ ഉത്പാദനം അമേരിക്കയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. ആഗോള കൺസൾട്ടിങ് സ്ഥാപനമായ KPMG നടത്തിയ പുതിയ സർവേയിലാണ് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത 42 ശതമാനം കനേഡിയൻ കമ്പനികളും ഇതിനകം തന്നെ ഉത്പാദനം യുഎസിലേക്ക് മാറ്റുകയോ അതിനെക്കുറിച്ച് ആലോചിക്കുകയോ ചെയ്യുകയാണ്. ട്രംപ് ഭരണകൂടവുമായി വ്യാപാര കരാർ ഉണ്ടാക്കുമെന്ന വാഗ്ദാനത്തോടെ അധികാരമേറ്റ കാർണിക്ക് 16 മാസം കഴിഞ്ഞിട്ടും അതിന് സാധിക്കാത്തതാണ് വ്യവസായ മേഖലയിലെ ഈ അനിശ്ചിതത്വത്തിന് കാരണം.

വ്യാപാര കരാറിൻ്റെ അഭാവം കാനഡയിലെ വ്യവസായ നിക്ഷേപങ്ങളെയും തൊഴിൽ വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം കാനഡയ്ക്ക് 17,000 നിർമാണ തൊഴിലുകൾ നഷ്ടമായി. 2025 മാർച്ചിൽ കാർണി പ്രധാനമന്ത്രിയായ ശേഷം 52,000 തൊഴിലവസരങ്ങളും, ട്രംപിൻ്റെ താരിഫ് ഭീഷണി യാഥാർത്ഥ്യമായ 2025 ജനുവരിക്ക് ശേഷം ആകെ 61,000 തൊഴിലുകളുമാണ് നിർമാണ മേഖലയിൽ ഇല്ലാതായത്. കൂടാതെ, അനിശ്ചിതത്വം കാരണം 36 ശതമാനം കമ്പനികൾ തങ്ങളുടെ മൂലധന നിക്ഷേപം വെട്ടിക്കുറച്ചതായും, 12 ശതമാനം പേർ നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും കെപിഎംജി സർവേ വ്യക്തമാക്കുന്നു.

മോശം കരാറുകളേക്കാൾ നല്ലത് കരാറുകൾ ഇല്ലാതിരിക്കുന്നതാണെന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ രാഷ്ട്രീയ നിലപാടിൽ കനേഡിയൻ വ്യവസായ ലോകത്തിന് കടുത്ത അതൃപ്തിയുണ്ട്. ഡിജിറ്റൽ സർവീസ് നികുതി നടപ്പിലാക്കാനുള്ള കാനഡയുടെ തീരുമാനവും അമേരിക്കൻ വാഹനങ്ങൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തിയതുമടക്കമുള്ള ഭരണകൂടത്തിൻ്റെ വീഴ്ചകൾ ട്രംപവുമായുള്ള ചർച്ചകൾ തകരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. നിലവിൽ കാനഡയിലെ 52 ശതമാനം നിർമാണ കമ്പനികളും കേവലം അതിജീവനത്തിനായുള്ള കഠിനശ്രമത്തിലാണെന്നും, യുഎസ് വിപണിയിലേക്ക് സുരക്ഷിതമായ പ്രവേശനം ലഭിക്കാത്ത പക്ഷം രാജ്യം കൂടുതൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.