കാനഡയിൽ രേഖകളില്ലാതെ കഴിയുന്ന വിദേശ കുടിയേറ്റക്കാരനും ഒൻ്റാരിയോയുടെ ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹനെന്ന് ട്രൈബ്യൂണൽ വിധി

By: 600110 On: Jul 13, 2026, 10:58 AM

കാനഡയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ കുടിയേറ്റക്കാരനും ഒൻ്റാരിയോയിലെ വെൽഫെയർ ആനുകൂല്യങ്ങൾക്ക്  അർഹതയുണ്ടെന്ന് സോഷ്യൽ ബെനഫിറ്റ്സ് ട്രൈബ്യൂണൽ ഉത്തരവിട്ടു.  കുടിയേറ്റ നയങ്ങളെയും സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളെയും സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് ഈ വിധി വഴിതുറന്നിരിക്കുന്നത്. ഒൻ്റാരിയോ വർക്സ് ആക്ട് പ്രകാരം സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷകന് കാനഡയിലെ പൗരത്വമോ സ്ഥിരതാമസ രേഖകളോ നിർബന്ധമല്ലെന്ന നിയമപരമായ പഴുതാണ് ട്രൈബ്യൂണൽ ഉത്തരവിന് ആധാരമായത്.

അപേക്ഷകന് കാനഡയിൽ തുടർന്ന് താമസിക്കുന്നതിനുള്ള നിയമപരമായ സാഹചര്യം നഷ്ടപ്പെടാതിരിക്കാൻ, ക്ഷേമപദ്ധതികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ മനഃപൂർവം ഇയാളുടെ ഇമിഗ്രേഷൻ രേഖകൾ പരിശോധിച്ചില്ലെന്ന നിർണായക വിവരവും കേസിൻ്റെ വിചാരണ വേളയിൽ പുറത്തുവന്നു. ടൂറിസ്റ്റുകൾ, സന്ദർശകർ, അല്ലെങ്കിൽ ഔദ്യോഗികമായി ഡി ഫോർട്ടേഷൻ ഓർഡർ ലഭിച്ചവർ എന്നിവർക്ക് മാത്രമേ നിലവിലെ നിയമപ്രകാരം ആനുകൂല്യങ്ങൾ നിഷേധിക്കാൻ വ്യവസ്ഥയുള്ളൂ. എന്നാൽ പതിറ്റാണ്ടുകളായി രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന ഈ വ്യക്തിക്ക് എതിരെ നാടുകടത്തൽ നടപടികൾ ഒന്നും തന്നെ നിലവിലില്ലാത്തതിനാൽ ഇയാൾ സാമ്പത്തിക സഹായത്തിന് അർഹനാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തുകയായിരുന്നു.
അഭയാർത്ഥി സംരക്ഷണവും മാനുഷിക പരിഗണനകളും മുൻനിർത്തി ട്രൈബ്യൂണൽ എടുത്ത നിലപാട് കാനഡയിലെ നികുതിദായകർക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും വലിയ പ്രതിഷേധങ്ങൾക്കും സംവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പ്രവിശ്യയിലെ നിലവിലെ നിയമങ്ങളിലെ പഴുതുകളെന്നും, ആനുകൂല്യങ്ങൾ നൽകുന്നതിന് മുൻപ് ഇമിഗ്രേഷൻ പരിശോധനകൾ കർശനമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ കഴിയുന്ന വ്യക്തികൾക്ക് ജീവകാരുണ്യപരമായ സഹായങ്ങൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന വാദവും ശക്തമാണ്.