വാടകവീടുകളിലെ കിടപ്പുമുറികളിലും ബാത്റൂമുകളിലും ഒളിക്യാമറകൾ സ്ഥാപിച്ച സംഭവത്തിൽ വീട്ടുടമയെ കാനഡയിലെ കാൽഗറി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയതിനാണ് 41 വയസുകാരനായ വീട്ടുടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജൂൺ ആദ്യവാരത്തിൽ ഒരു വാടകക്കാരി സ്വന്തം കിടപ്പുമുറിയിലും ബാത്റൂമിലും ക്യാമറകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കാൽഗറിയിലെ സ്പ്രിംഗ്ബറോ വേ, ബ്രെൻ്റ്വുഡ് റോഡ് എന്നീ പ്രദേശങ്ങളിലെ വാടകവീടുകളിലാണ് ഒളിക്യാമറകൾ കണ്ടെത്തിയത്. പോലീസിൻ്റെ പരിശോധനയിൽ ഇവിടെയുള്ള കിടപ്പുമുറികളിൽ നിന്ന് ക്യാമറകളും ദൃശ്യങ്ങൾ സൂക്ഷിച്ചുവെച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
അറസ്റ്റിലായ പ്രതിക്കെതിരെ അതിക്രമിച്ച് കടക്കൽ, ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വാൻകൂവർ, ടൊറൻ്റോ എന്നീ നഗരങ്ങളിലും വാടകവീടുകൾ ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. അവിടെയും ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പ്രതി പ്രധാനമായും കൊറിയൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ക്യാമറകൾ സ്ഥാപിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വിദേശത്തുനിന്നും മറ്റ് നഗരങ്ങളിൽ നിന്നും എത്തുന്ന താമസക്കാർ വാടകവീടുകളിൽ ക്യാമറകൾ ഉണ്ടോ എന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു.