ആഗോളതലത്തിൽ യാത്രാച്ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, പണം ലാഭിക്കാൻ പുതിയ വഴികൾ തേടി കനേഡിയൻ സഞ്ചാരികൾ. ഹോട്ടലുകൾക്കോ വാടക വീടുകൾക്കോ പണം നൽകുന്നതിന് പകരം, സ്വന്തം വീടുകൾ പരസ്പരം കൈമാറി താമസിച്ച് യാത്ര ചെയ്യുന്ന 'ഹോം എക്സ്ചേഞ്ച്' രീതിക്ക് കാനഡയിൽ വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രയിലെ ഏറ്റവും വലിയ ചെലവായ താമസച്ചെലവ് പൂർണ്ണമായും ഒഴിവാക്കാൻ ഈ രീതിയിലൂടെ സാധിക്കുന്നു.
പ്രമുഖ ഹോം എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകളായ 'പീപ്പിൾ ലൈക്ക് അസ്' (People Like Us), 'ഹോം എക്സ്ചേഞ്ച്' (HomeExchange) എന്നിവയിൽ കാനഡയിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 20 മുതൽ 30 ശതമാനം വരെ വർദ്ധനവുണ്ടായി. ലോക ശരാശരിയേക്കാൾ വേഗത്തിലാണ് കാനഡയിൽ ഈ മാറ്റം പ്രകടമാകുന്നത്. കാനഡയിൽ മോൺട്രിയൽ നഗരമാണ് ഈ രംഗത്ത് ഏറ്റവും മുന്നിൽ. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ അംഗങ്ങളാകുന്നവർക്ക് ഒന്നുകിൽ നേരിട്ട് വീടുകൾ പരസ്പരം കൈമാറാം., അല്ലെങ്കിൽ മറ്റുള്ളവരെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് 'ക്രെഡിറ്റുകൾ' നേടാം. ഈ ക്രെഡിറ്റുകൾ ഉപയോഗിച്ച് പിന്നീട് ലോകത്തിൻ്റെ ഏത് ഭാഗത്തുമുള്ള മറ്റ് വീടുകളിൽ സൗജന്യമായി താമസിക്കാം. മിക്ക പ്ലാറ്റ്‌ഫോമുകളും വാർഷിക അംഗത്വ ഫീസ് മാത്രമാണ് ഈടാക്കുന്നത്.
വെറും പണം ലാഭിക്കുക മാത്രമല്ല ഈ രീതിയുടെ ലക്ഷ്യം. പോകുന്ന സ്ഥലങ്ങളിലെ പ്രാദേശിക സംസ്കാരം അടുത്തറിയാനും കൂടുതൽ ദിവസം അവിടെ താമസിക്കാനും ഇത് സഹായിക്കുന്നു. വീടുകൾക്കൊപ്പം ചിലർ തങ്ങളുടെ വാഹനങ്ങളും പരസ്പരം കൈമാറാറുണ്ട്. അപരിചിതർക്ക് വീട് കൈമാറുന്നതിലെ ആശങ്കകളാണ് പലർക്കുമുള്ള പ്രധാന തടസ്സം. എന്നാൽ കൃത്യമായ ആശയവിനിമയത്തിലൂടെയും, പ്ലാറ്റ്‌ഫോമുകളിലെ പ്രൊഫൈൽ വെരിഫിക്കേഷൻ, റിവ്യൂകൾ, നാശനഷ്ടങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയിലൂടെയുമാണ് കമ്പനികൾ ഈ പ്രതിസന്ധി മറികടക്കുന്നത്.
ലോകകപ്പ് പോലുള്ള വലിയ കായിക മാമാങ്കങ്ങളുടെ സമയത്ത് ഹോട്ടൽ നിരക്കുകൾ കുതിച്ചുയരുമ്പോൾ, സാധാരണക്കാർക്ക് താങ്ങാനാവുന്ന മികച്ചൊരു ബദലായി ഹോം എക്സ്ചേഞ്ച് മാറുമെന്ന് ടൂറിസം രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു.