വിമാനത്തിൻ്റെ ജനൽ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരൻ രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിൽ. ഗ്രീസിൽ നിന്നും ജർമ്മനിയിലേക്ക് പുറപ്പെട്ട വിമാനത്തിൻ്റെ ജനൽപ്പാളിയാണ് പറക്കുന്നതിനിടെ തകർന്നത്. വിമാനത്തിനുള്ളിലെ വായുമർദ്ദം വ്യത്യാസപ്പെട്ടതിനെ തുടർന്ന് ഒരു യാത്രക്കാരൻ്റെ പകുതിയോളം ഭാഗം പുറത്തേക്ക് വലിക്കപ്പെട്ടു. റയൻഎയറിൻ്റെ ഉപകമ്പനിയായ മാൾട്ട എയർ വിമാനത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
വെള്ളിയാഴ്ച രാവിലെ ഗ്രീസിലെ തെസ്സലോനികിയിൽ നിന്ന് ജർമ്മനിയിലെ മെമ്മിംഗനിലേക്ക് 15,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് വിമാനം ഉടൻ തന്നെ തെസ്സലോനികി വിമാനത്താവളത്തിൽ തിരിച്ചിറക്കി. അപകടത്തിൽപ്പെട്ട 61 വയസുകാരനായ യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തിൻ്റെ കഴുത്തിനും തോളിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിമാനം ഉയർന്നുപൊങ്ങി ആറ് മിനിറ്റുകൾക്കകം വലിയൊരു ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു. ടയർ പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടത്. തൊട്ടുപിന്നാലെ ഓക്സിജൻ മാസ്കുകൾ താഴേക്ക് പതിക്കുകയും വിമാനം പെട്ടെന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങുകയും ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. വിൻഡോ തകർന്ന ഉടൻ തന്നെ പൈലറ്റുമാർ വിമാനം 6,000 അടി ഉയരത്തിലേക്ക് താഴ്ത്തുകയും, ഒരു മണിക്കൂറിനകം സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.
വിമാനത്തിൻ്റെ എഞ്ചിൻ തകരാറാണോ അതോ മറ്റെന്തെങ്കിലും വസ്തു വന്നിടിച്ചാണോ ജനൽ തകർന്നതെന്ന കാര്യം വ്യക്തമല്ല. യു.എസിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഗ്രീക്ക് വ്യോമയാന അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം നിലവിൽ തെസ്സലോനികിയിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.