ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ കാനഡയിൽ പലയിടങ്ങളിലും ജാഗ്രതാ നിർദ്ദേശം

By: 600110 On: Jul 13, 2026, 8:32 AM

 

 

കാനഡയിൽ ഉഷ്ണതരംഗവും കാട്ടുതീയെത്തുടർന്നുള്ള പുകയും മൂലമുള്ള ദുരിതം തുടരുന്നു. ഇതേ തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റെജീന, വിന്നിപെഗ്, ഒൻ്റാരിയോ, ക്യൂബെക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ മുന്നറിയിപ്പുള്ളത്. ഇതിൽ വിന്നിപെഗ്, തണ്ടർ ബേ, വടക്കൻ ക്യൂബെക്ക് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശമായ 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.

വിന്നിപെഗ് അടക്കമുള്ള തെക്കൻ മാനിറ്റോബയിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. അന്തരീക്ഷത്തിലെ ഈർപ്പം കൂടി കണക്കിലെടുക്കുമ്പോൾ ചൂട് 45 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാത്രിയിലും ചൂടിന് വലിയ കുറവുണ്ടാകില്ല. ക്യൂബെക്കിൽ കാട്ടുതീയെത്തുടർന്നുണ്ടായ പുക ഒൻ്റാരിയോ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പടർന്നത് വായുമലിനീകരണം രൂക്ഷമാക്കിയിട്ടുണ്ട്. ഒഷാവ പോലുള്ള നഗരങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്.

അന്തരീക്ഷത്തിലെ പുക കാരണം കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥതകൾ, തലവേദന, ചുമ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ കായിക വിനോദങ്ങളും ഔട്ട്ഡോർ പരിപാടികളും മാറ്റിവെക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിൽ മാത്രമല്ല, യൂറോപ്പിലും സമാനമായ രീതിയിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ടതിൽ വെച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് യൂറോപ്പിൽ കടന്നുപോയത്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.