വിപണിയിൽ ലഭ്യമായ വിവിധയിനം അരികളിൽ ഉയർന്ന അളവിൽ മാരകമായ ആർസെനിക് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തൽ

By: 600110 On: Jul 11, 2026, 2:41 PM

 

വിപണിയിൽ ലഭ്യമായ വിവിധയിനം അരികളിൽ ഉയർന്ന അളവിൽ മാരകമായ ആർസെനിക് അടങ്ങിയിട്ടുണ്ടെന്ന് പ്രമുഖ ഉപഭോക്തൃ സംഘടനയായ 'കൺസ്യൂമർ റിപ്പോർട്ട്സ്'നടത്തിയ പഠനത്തിൽ കണ്ടെത്തി. വെള്ളരിയേക്കാൾ തവിട്ടുനിറമുള്ള ബ്രൗൺ റൈസിലാണ് കൂടുതൽ ആർസെനിക് അടങ്ങിയിരിക്കുന്നത്. എന്നാൽ ബസുമതി, സുഷി ഇനം അരികളിൽ ഇതിന്റെ അളവ് താരതമ്യേന കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

പരിശോധിച്ച 52 തരം അരി ഉൽപ്പന്നങ്ങളിലും ആർസെനിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മനുഷ്യശരീരത്തിന് ഏറ്റവും ഹാനികരമായ 'ഇൻഓർഗാനിക് ആർസെനിക്' ആണ് അടങ്ങിയിരിക്കുന്നത്. മറ്റ് വിളകളെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതൽ ആർസെനിക് വലിച്ചെടുക്കാൻ നെൽച്ചെടികൾക്ക് കഴിയും. വെള്ളം കെട്ടിനിർത്തി കൃഷി ചെയ്യുന്നതിനാലാണ് മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നും നെൽച്ചെടി ഈ വിഷാംശം വേഗത്തിൽ ആഗിരണം ചെയ്യുന്നത്.

പഠനവിധേയമാക്കിയ ഉൽപ്പന്നങ്ങളിൽ 42 ശതമാനത്തിലും അപകടകരമായ അളവിലാണ് ആർസെനിക് അടങ്ങിയിരിക്കുന്നത്. ദിവസവും ഒരു നേരം വീതം ഈ അരി ആഹാരമാക്കുന്ന മുതിർന്നവരിൽ സ്കിൻ ക്യാൻസർ , മൂത്രാശയ ക്യാൻസർ, 
ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് കൺസ്യൂമർ റിപ്പോർട്ട്സ് മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ, പരിശോധിച്ച സാമ്പിളുകളിൽ ആർസെനിക്കിന് പുറമെ കാഡ്മിയം, ലെഡ്, മെർക്കുറി തുടങ്ങിയ മറ്റ് മാരക ലോഹങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ അമേരിക്കയിൽ സാധാരണ അരി ഉൽപ്പന്നങ്ങൾക്ക് കൃത്യമായ ആർസെനിക് പരിധി നിശ്ചയിച്ചിട്ടില്ല. കുട്ടികൾക്കുള്ള റൈസ് സിറിയലുകളിൽ ഇത് പരമാവധി 100 പി.പി.ബി ആയി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിശോധിച്ചതിൽ 17 ഉൽപ്പന്നങ്ങളിൽ ഇതിലും ഉയർന്ന അളവിലാണ് വിഷാംശം കണ്ടെത്തിയത്. അതിനാൽ, എല്ലാത്തരം അരി ഉൽപ്പന്നങ്ങൾക്കും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ എഫ്.ഡി.എ തയ്യാറാകണമെന്ന് കൺസ്യൂമർ റിപ്പോർട്ട്സ് ആവശ്യപ്പെടുന്നു.

ആർസെനിക് കുറഞ്ഞ ബസുമതി പോലുള്ള അരിയിനങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണത്തിൽ അരിയുടെ അളവ് കുറച്ച് പകരം റാഗി, ഓട്സ്, ബാർലി, ചോളം തുടങ്ങിയ മറ്റ് ധാന്യങ്ങൾ ഉൾപ്പെടുത്തുന്നതും 
കൂടുതൽ വെള്ളമൊഴിച്ച് ചോറ് തിളപ്പിച്ച ശേഷം ബാക്കി വെള്ളം വാർത്തു കളയുന്നതും ആർസെനിക്കിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.