കാനഡയിലെ പ്രമുഖ നഗരമായ ടൊറന്റോയിൽ ലഹരിമരുന്ന് ഉപയോഗം അതിരൂക്ഷമാകുന്നു. പരസ്യമായ മയക്കുമരുന്ന് ഉപയോഗവും കാരണം നഗരത്തിലെ പല ഭാഗങ്ങളും സാധാരണക്കാർക്ക് കടന്നുചെല്ലാൻ കഴിയാത്ത 'നോ-ഗോ സോണുകളായി' മാറിയിരിക്കുകയാണ്. ഹൊറർ സിനിമയിലെ സോംബിരംഗങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ടൊറന്റോയിലെ തെരുവുകൾ.
ഫെന്റാനിൽ , ക്രിസ്റ്റൽ മെത്ത്, ക്രാക്ക് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് നഗരത്തിൽ വ്യാപകമായിരിക്കുന്നത്. ലഹരി തലയ്ക്കുപിടിച്ച് നേരെ നിൽക്കാൻ പോലും കഴിയാതെ മനുഷ്യരുടെ അവസ്ഥ നഗരത്തിലെങ്ങും ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ യൂണിയൻ സ്റ്റേഷന്റെ പരിസരങ്ങളിലും റോഡരികുകളിലും യാതൊരു ഭയവുമില്ലാതെയാണ് ലഹരിസംഘങ്ങൾ പൈപ്പുകൾ ഉപയോഗിച്ച് മയക്കുമരുന്ന് പുകയ്ക്കുന്നത്. പുക ശ്വസിക്കേണ്ടി വരുന്നതും ലഹരിക്ക് അടിമപ്പെട്ടവർ അക്രമാസക്തരാകുന്നതും വഴിയാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ലഹരി ഉപയോഗം മൂലം ടൊറന്റോ നഗരം നരകതുല്യമായി മാറുകയാണെന്ന് കൗൺസിലർ ബ്രാഡ് ബ്രാഡ്‌ഫോർഡ് കുറ്റപ്പെടുത്തി. പോലീസിൽ പരാതിപ്പെടാൻ പോലും ജനങ്ങൾ ഭയപ്പെടുന്നു. തെരുവുകളിലും പാർക്കുകളിലും ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകൾ കുന്നുകൂടുന്നത് രോഗഭീഷണിയും ഉയർത്തുന്നുണ്ട്.
പോലീസുകാർ ലഹരിസംഘങ്ങളെ അമർച്ച ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇത്രയധികം ആളുകളെ ഒരേസമയം അറസ്റ്റ് ചെയ്യാനോ നിയന്ത്രിക്കാനോ ഉള്ള സംവിധാനങ്ങൾ നിലവിലില്ല. ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ദശലക്ഷക്കണക്കിന് ഡോളർ ചിലവഴിക്കുന്ന അധികാരികൾ, നഗരത്തെ കാർന്നുതിന്നുന്ന ഈ ലഹരി മാഫിയക്കെതിരെ ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. ടൊറന്റോ നഗരത്തെ ഈ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ മേയറും പ്രവിശ്യാ-കേന്ദ്ര സർക്കാരുകളും അടിയന്തരമായി ഇടപെടണമെന്നാണ് നഗരവാസികളുടെ ആവശ്യം.