110-ാം ജന്മദിനം ആഘോഷിച്ച് ജോസഫ് മേരി ആർതർ

By: 600110 On: Jul 11, 2026, 2:25 PM

110-ാം ജന്മദിനം ആഘോഷിച്ച് ജോസഫ് മേരി ആർതർ. കാനഡയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡോടെയാണ് അദ്ദേഹം മോണ്ട്രിയലിൽ തൻ്റെ 110-ാം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹത്തിൻറെ ജന്മദിന ആഘോഷം. 1916-ൽ ഹെയ്തിയിലെ സെന്റ്-മാർക്കിൽ ജനിച്ച ജോസഫ്, 55 വർഷം മുൻപാണ് കാനഡയിലെ മോൺട്രിയലിലേക്ക് കുടിയേറിയത്. ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പത്ത് മക്കളും കൂടെയെത്തി. നിലവിൽ 25 പേരക്കുട്ടികളും അവരുടെ കുട്ടികളും അടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ നാഥനാണ് ഇദ്ദേഹം.

ബുദ്ധിശക്തിയും ചിന്താശേഷിയും എപ്പോഴും സജീവമാക്കി നിർത്തുന്നതാണ് മുത്തശ്ശന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്ന് അദ്ദേഹത്തിൻ്റെ കൊച്ചു പേരക്കുട്ടികളിൽ ഒരാളായ ഒലിവിയ-റോസ് സിമൺസ് പറയുന്നു. അദ്ദേഹം പുസ്തകങ്ങൾ വായിക്കുകയും, ക്രോസ്‌വേഡ് പസിലുകൾ പൂരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജീവിതത്തിൽ വിവേകത്തോടെ പെരുമാറുകയും എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുകയും ചെയ്യുക എന്നതാണ് തന്റെ രഹസ്യമെന്നാണ് ജോസഫ് പറയുന്നത്.

ഈ പ്രായത്തിലും ആരുടെയും സഹായമില്ലാതെ സ്വന്തമായി നടക്കാൻ ജോസഫിന് സാധിക്കും. കാഴ്ചശക്തി കുറവാണെങ്കിലും അദ്ദേഹം ഇപ്പോഴും പുസ്തകങ്ങൾ വായിക്കാറുണ്ട്.ബേസ്ബോൾ, ടെന്നീസ് എന്നിവയാണ് ജോസഫിന്റെ പ്രിയപ്പെട്ട വിനോദങ്ങൾ.
ഹെയ്തിയിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ജോസഫ്, കാനഡയിലെത്തിയ ശേഷം ബേക്കറിയിലും പിന്നീട് ക്വീൻ എലിസബത്ത് ഹോട്ടലിലും ജോലി ചെയ്തു. കാനഡയിലെ ഹെയ്തിയൻ സമൂഹത്തിന്റെ പുരോഗതിക്കായി വിവിധ സംഘടനകളിലൂടെ അദ്ദേഹം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന ഒരു സ്വകാര്യ ബാർബിക്യൂ വിരുന്നോടെ കുടുംബാംഗങ്ങൾ ജോസഫിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കും.