നഗരത്തിൽ ശുഭപ്രതീക്ഷ വളർത്താൻ 'ചീഫ് പോസിറ്റിവിറ്റി ഓഫീസർ': വേറിട്ട മാതൃകയുമായി ഒൻ്റാരിയോയിലെ ന്യൂമാർക്കറ്റ് നഗരം

By: 600110 On: Jul 11, 2026, 2:02 PM

 

 

കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളിലും ജീവനക്കാരിലും മാനസികോല്ലാസവും പ്രത്യാശയും വളർത്തുന്നതിനായി  ഒന്റാറിയോയിലുള്ള ന്യൂമാർക്കറ്റ് നഗരം രൂപീകരിച്ച 'ചീഫ് പോസിറ്റിവിറ്റി ഓഫീസർ'  എന്ന വേറിട്ട തസ്തികയും അതിലിരുന്ന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന ജാമി ബോയൽ എന്ന ഉദ്യോഗസ്ഥനും ശ്രദ്ധേയനാകുന്നു. മഹാമാരി വിട്ടൊഴിഞ്ഞിട്ടും നഗരസഭയിലെ 400-ഓളം വരുന്ന ജീവനക്കാരുടെയും ഒരു ലക്ഷത്തോളം വരുന്ന ജനങ്ങളുടെയും മാനസിക വീര്യം നിലനിർത്താൻ ഈ 53-കാരൻ തന്റെ ഔദ്യോഗിക പദവിയിൽ ഇപ്പോഴും സജീവമായി രംഗത്തുണ്ട്. ന്യൂമാർക്കറ്റ് മേയർ ജോൺ ടെയ്‌ലർ തുടക്കമിട്ട ഈ ആശയം കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ വലിയ പങ്കുവഹിച്ചതിനെ തുടർന്നാണ് പാൻഡെമിക്കിന് ശേഷവും ഈ പദവി നിലനിർത്താൻ നഗരസഭ തീരുമാനിച്ചത്.  

ലോക്ക്ഡൗൺ കാലത്ത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയ ജനങ്ങളിലേക്ക് സാമൂഹിക മാധ്യമങ്ങളിലൂടെയും വെൽനസ് പ്രോഗ്രാമുകളിലൂടെയും പോസിറ്റീവ് ചിന്തകളും തമാശകളും എത്തിക്കുക എന്നതായിരുന്നു ജാമിയുടെയും ഒപ്പമുള്ള വാലന്റീയർമാരുടെയും പ്രധാന ചുമതല. ഇതിനായി ജീവനക്കാർക്കായി പ്രചോദനാത്മകമായ വാക്കുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ന്യൂസ് ലെറ്റേഴ്സ് അദ്ദേഹം തയ്യാറാക്കിയിരുന്നു. കൂടാതെ ആശുപത്രി ജീവനക്കാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കൂറ്റൻ മോസൈക് ബോർഡുകൾ സ്ഥാപിക്കാനും നഗരത്തിലെ റാലികളിൽ മെഗാഫോണിലൂടെ ജനങ്ങളെ ആവേശഭരിതരാക്കാനും അദ്ദേഹം മുന്നിൽനിന്നു. സാധാരണക്കാരായ ജനങ്ങളോട് പുഞ്ചിരിയോടെ വിശേഷങ്ങൾ പങ്കുവെച്ചും  ഹസ്തദാനം നൽകിയും അദ്ദേഹം നഗരത്തിൽ സജീവമാണ്.  

നഗരസഭയിൽ 27 വർഷത്തെ സേവന പാരമ്പര്യമുള്ള ജാമി ബോയലിന്റെ ഈ വേറിട്ട നേതൃപാടവം കാനഡയ്ക്ക് അകത്തും പുറത്തുമുള്ള മറ്റ് നഗരങ്ങൾക്കും മാതൃകയായി മാറിയിട്ടുണ്ടെന്ന് മേയർ ജോൺ ടെയ്‌ലർ വ്യക്തമാക്കി. ആകാശം എത്ര ഇരുണ്ടതാണെങ്കിലും അതിനു പിന്നിൽ സൂര്യനുണ്ടെന്ന തന്റെ ഉറച്ച വിശ്വാസമാണ് ഈ ജോലി കൃത്യമായി ചെയ്യാൻ തനിക്ക് പ്രചോദനമാകുന്നതെന്ന് ജാമി ബോയൽ പറയുന്നു. സ്വന്തം ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്ന നിരവധി ജീവനക്കാരാണ് ആശ്വാസത്തിനായി ഓരോ ആഴ്ചയും തന്നെ സമീപിക്കുന്നതെന്നും, ഈ പദവി കേവലമൊരു തസ്തിക എന്നതിനപ്പുറം ന്യൂമാർക്കറ്റിലെ ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.