ഒന്റാരിയോയെയും മിഷിഗണിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ അന്താരാഷ്ട്ര പാലം ജൂലൈ 27-ന് ഔദ്യോഗികമായി തുറക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. അമേരിക്കൻ സർക്കാരിന്റെ പിന്തുണയോടെ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കാനഡയും മിഷിഗണും തമ്മിൽ ധാരണയായതായി ഹൗസിംഗ്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് കമ്മ്യൂണിറ്റീസ് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരുരാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ടോൾ നിർണ്ണയത്തിലും സുതാര്യതയിലും പരസ്പര സഹകരണത്തോടെയുള്ള നടപടികൾ സ്വീകരിക്കാൻ കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും സമ്മതിച്ചിട്ടുണ്ട്. കൂടാതെ പാലത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് ഉപയോഗിച്ച് അതിർത്തി പ്രദേശങ്ങളുടെ വികസനത്തിനായി 15 വർഷത്തെ സാമ്പത്തിക വികസന ഫണ്ടും രൂപീകരിക്കും.
ഡെട്രോയിറ്റ് നദിക്കു കുറുകെ വിൻഡ്സറിനും ഡെട്രോയിറ്റിനും ഇടയിൽ ഏകദേശം 2.4 കിലോമീറ്റർ നീളത്തിലാണ് ആറുവരിപ്പാതകളുള്ള ഈ അത്യാധുനിക കേബിൾ സ്റ്റെയ്ഡ് പാലം നിർമ്മിച്ചിരിക്കുന്നത്. ഡെട്രോയിറ്റ് റെഡ് വിംഗ്സ് ടീമിനായി 25 സീസണുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച പ്രശസ്ത കനേഡിയൻ ഹോക്കി താരം ഗോർഡി ഹൗവിന്റെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്. കാനഡയുടെ പൂർണ്ണ സാമ്പത്തിക സഹായത്തോടെ 2018 മുതൽ ഈ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. നിലവിലുള്ള അംബാസഡർ പാലത്തിലെയും ഡെട്രോയിറ്റ്-വിൻഡ്സർ ടണലിലെയും കടുത്ത ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ഈ പുതിയ ടോൾ പാലം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ജൂൺ 12-ന് നിശ്ചയിച്ചിരുന്ന പാലത്തിന്റെ ഉദ്ഘാടനം അമേരിക്കയുടെ അഭ്യർത്ഥനയെത്തുടർന്ന് കാനഡ മാറ്റിവെക്കുകയായിരുന്നു. പുതിയ പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കൻ സർക്കാരിന് കൈമാറണമെന്നും കാനഡ മറ്റ് ചില ആവശ്യങ്ങൾ അംഗീകരിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വ്യാപാര തർക്കങ്ങളാണ് ഉദ്ഘാടനം വൈകാൻ കാരണമായത്. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. തലമുറകളായി സൗഹൃദം പുലർത്തുന്ന വിൻഡ്സർ, ഡെട്രോയിറ്റ് നഗരങ്ങൾ തമ്മിലുള്ള വാണിജ്യ വ്യാപാരങ്ങൾക്കും പ്രാദേശിക യാത്രകൾക്കും പുതിയ പാലത്തിന്റെ വരവ് വലിയ ഉണർവ്വേകും..