നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു

By: 600002 On: Jul 11, 2026, 10:19 AM



 

പ്രസാദ് തീയാടിക്കല്‍ 

യുകെ, ബോസ്റ്റണ്‍: നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയില്‍ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ പ്രദേശത്ത് താമസിച്ചിരുന്ന നഴ്സുമായ ചിഞ്ചു മമ്പള്ളില്‍ തോമസ് (34) ആണ് മരിച്ചത്. ഭര്‍ത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമില്‍ ജോസ് ആണ്.

ജൂലൈ 6-ന് പ്രസവത്തിനായി ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ജൂലൈ 7-ന് ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് ജൂലൈ 8-ന് വൈകിട്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എന്നാല്‍ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടന്‍ തന്നെ വീണ്ടും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്ച പുലര്‍ച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും മെഡിക്കല്‍ പരിശോധനാ നടപടികള്‍ക്കും കുടുംബം കാത്തിരിക്കുകയാണ്.

നാലു വര്‍ഷം മുമ്പ് നഴ്സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ചിഞ്ചു യുകെയിലെ ലിങ്കണ്‍ഷെയറിലെ ബോസ്റ്റണിലേക്ക് കുടിയേറിയിരുന്നു. പിന്നീട് ഭര്‍ത്താവ് എമില്‍ ജോസും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയില്‍വച്ചാണ് ജനിച്ചത്. ഒരു വര്‍ഷം മുമ്പാണ് കുടുംബം ബോസ്റ്റണില്‍ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്.

എമിലിനും ചിഞ്ചുവിനും എട്ട് വയസ്സുള്ള ഒരു മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളും നവജാതയായ പെണ്‍കുഞ്ഞുമാണ് ഉള്ളത്. അമ്മയുടെ സ്‌നേഹം അറിയുന്നതിന് മുമ്പേ മാതാവിനെ നഷ്ടമായ നവജാത ശിശുവിനെയും മൂന്ന് സഹോദരങ്ങളെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കരുതലിലാണ് ഇനി വളരേണ്ടത്.

പ്രസവശുശ്രൂഷയ്ക്കായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശക വിസയില്‍ യുകെയിലെത്തിയിരുന്നു. കുഞ്ഞിന്റെ ജനനത്തോടെ കുടുംബത്തില്‍ സന്തോഷനാളുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന അവര്‍ക്ക് മണിക്കൂറുകള്‍ക്കകം താങ്ങാനാകാത്ത ദുഃഖമാണ് നേരിടേണ്ടിവന്നത്.