ലുയിസ് വില്ലില്‍ തടാകക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തി

By: 600002 On: Jul 11, 2026, 9:53 AM



 

പി പി ചെറിയാന്‍

ടെക്‌സസിലെ ലുയിസ് വില്ലില്‍ തടാകക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനുഷ്യ ഭ്രൂണം കണ്ടെത്തി. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ഈസ്റ്റ് ലേക്ക് പാര്‍ക്ക് റോഡിന് സമീപമുള്ള തടാകക്കരയിലാണ് ഭ്രൂണം കണ്ടെത്തിയത്. പ്രദേശം സന്ദര്‍ശിച്ച നാട്ടുകാരില്‍ ഒരാളാണ് വിവരം പോലീസിനെ അറിയിച്ചത്.

പോലീസും ടാരന്റ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം അഞ്ച് മുതല്‍ ആറ് മാസം വരെ പ്രായമുള്ള ഭ്രൂണമാണിതെന്നും, ഇത് മനഃപൂര്‍വം ഇവിടെ ഉപേക്ഷിച്ചതാണെന്നുമാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ എക്‌സാമിനറുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

കഴിഞ്ഞ ദിവസം ഇതേ പാര്‍ക്കില്‍ നടന്ന മറ്റൊരു സംഭവവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ലുയിസ്വില്ലി പോലീസിനെയോ ഡെന്റണ്‍ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്‌സിനെയോ വിവരമറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണ്.