കാനഡയില്‍ ബീഫ് വാങ്ങിയവര്‍ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടന്‍

By: 600002 On: Jul 10, 2026, 6:23 PM



 

പ്രസാദ് തീയാടിക്കല്‍

ടൊറന്റോ: 2015 ജനുവരി 1 മുതല്‍ കാനഡയില്‍ ബീഫ് (പോത്തിറച്ചി/മാട്ടിറച്ചി) വാങ്ങിയ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു. പ്രമുഖ ബീഫ് വിതരണ കമ്പനികള്‍ ബീഫിന്റെ വിതരണവും വിലയും കൃത്രിമമായി നിയന്ത്രിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഫയല്‍ ചെയ്ത ദേശീയ ക്ലാസ്-ആക്ഷന്‍ കേസില്‍ ഏകദേശം 8 മില്യണ്‍ കാനഡിയന്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം സമര്‍പ്പിച്ചതോടെയാണ് പുതിയ നീക്കം.

കേസില്‍ JBS USA Company, Swift Beef Company, JBS Packerland Inc., JBS Canada ULC എന്നീ JBS അനുബന്ധ സ്ഥാപനങ്ങളും National Beef Packing Companyയും ചേര്‍ന്ന് ഏകദേശം 8 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍, ഈ ഒത്തുതീര്‍പ്പ് കമ്പനികള്‍ കുറ്റം സമ്മതിക്കുന്നതല്ലെന്നും, കോടതിയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളുവെന്നും അവര്‍ വ്യക്തമാക്കി.

2022-ലാണ് കേസ് ഫയല്‍ ചെയ്തത്. ബീഫ് ഉല്‍പാദനവും വിതരണവും മനഃപൂര്‍വം നിയന്ത്രിച്ച് വില ഉയര്‍ത്താന്‍ കമ്പനികള്‍ തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. അതേസമയം, Cargill, Tyson കമ്പനികള്‍ക്കെതിരായ നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്.

കോടതി ഒത്തുതീര്‍പ്പിന് അന്തിമ അംഗീകാരം നല്‍കിയാല്‍, അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.