വ്യാജ വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പുമായി ഇലക്ഷൻസ് ആൽബർട്ട; വോട്ടർമാരുടെ വിവരങ്ങൾ വ്യാജമായി നിർമ്മിച്ചതായി കണ്ടെത്തൽ

By: 600110 On: Jul 10, 2026, 12:11 PM

കാനഡയിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ഏജൻസിയായ ഇലക്ഷൻസ് ആൽബർട്ടയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ അധികൃതർ ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസമായ 'elections.ab.ca' എന്നതിന് സമാനമായി 'electionsab.ca' എന്ന വ്യാജ യു.ആർ.എൽ ഉപയോഗിച്ചാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നത്. അടുത്തിടെ വോട്ടർമാരുടെ പട്ടിക അനധികൃതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളെ ചൂഷണം ചെയ്യാനാണ് ഈ വ്യാജ വെബ്‌സൈറ്റിലൂടെ ശ്രമിക്കുന്നതെന്ന് ഇലക്ഷൻസ് ആൽബർട്ട വ്യക്തമാക്കി. 

വോട്ടർമാരുടെ വ്യാജ പേരുകൾ, മേൽവിലാസങ്ങൾ, ഫോൺ നമ്പറുകൾ, വ്യാജ വോട്ടർ ഐ.ഡി എന്നിവയടങ്ങുന്ന ഒരു വലിയ ലിസ്റ്റ് ഈ വ്യാജ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങളെല്ലാം പൂർണ്ണമായും വ്യാജമാണെന്നും ഔദ്യോഗിക വോട്ടർ പട്ടികയിൽ നിന്നും ചോർത്തിയതല്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. ഇലക്ഷൻസ് ആൽബർട്ട എന്ന സ്ഥാപനത്തിൻ്റെ വിശ്വാസ്യത തകർക്കാനും ജനങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുമാണ് ഈ തരംതാണ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂർ പ്രസ്താവനയിൽ പറഞ്ഞു. 

നിലവിലുള്ള ഇലക്ഷൻ ഫിനാൻസസ് ആൻ്റ് കോൺട്രിബ്യൂഷൻസ് ഡിസ് ക്ലോഷർ ആക്ടിലെ  'ഡീപ്ഫേക്ക്' വിരുദ്ധ വകുപ്പുകളിൽ ഇത്തരം വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയുള്ള നടപടികൾ ഉൾപ്പെടാത്തതിനാൽ, ഈ സൈറ്റിനെതിരെ നേരിട്ട് അന്വേഷണം നടത്താൻ ഇലക്ഷൻസ് ആൽബർട്ടയ്ക്ക് നിയമപരമായ അധികാരമില്ല. ഈ സാഹചര്യത്തിൽ സൈബർ സുരക്ഷാ ഏജൻസികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റ് എത്രയും വേഗം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. സമാനമായ വ്യാജ സൈറ്റുകളോ വിവരങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 780-427-7191 എന്ന നമ്പറിലോ info@elections.ab.ca എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാൻ ആൽബർട്ടയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.