ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ യാത്രക്കാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ടൊറൻ്റോ പിയേഴ്സൺ എയർപോർട്ട് അധികൃതർ. വിമാന സർവീസുകളെയും വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
കാനഡയിലുടനീളം ഐ.ടി തകരാർ മൂലം വിമാന സർവീസുകൾ തടസ്സപ്പെട്ടു എന്ന രീതിയിലുള്ള വ്യാജ വാർത്തകൾ അടുത്തിടെ വിശ്വസനീയമെന്ന് തോന്നിക്കുന്ന ചില യാത്രാ വെബ്‌സൈറ്റുകളിൽ, പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം വെബ്‌സൈറ്റുകളിൽ എഴുതുന്നവർ പ്രതിദിനം നൂറോളം ലേഖനങ്ങൾ വരെ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും, ഇത് എ.ഐ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെന്ന് വ്യക്തമാണെന്നും പിയേഴ്സൺ എയർപോർട്ട് വക്താവ് സീൻ ഡേവിഡ്സൺ വ്യക്തമാക്കി.
ഇത്തരം വ്യാജ വാർത്തകൾ വിശ്വസിച്ച് യാത്രക്കാർ അനാവശ്യമായി വിമാനത്താവളങ്ങളിൽ എത്തുന്നതിനോ അല്ലെങ്കിൽ ടിക്കറ്റുകൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നതിനോ കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വെബ്‌സൈറ്റുകളിലേക്ക് ആളുകളെ ആകർഷിച്ച് പരസ്യങ്ങളിലൂടെ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ വെറും സാമ്പത്തിക നേട്ടത്തിനപ്പുറം, ഈ സൈറ്റുകൾ സന്ദർശിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും മാൽവെയർ, റാൻസംവെയർ തുടങ്ങിയ സൈബർ ആക്രമണങ്ങൾ നടത്താനും ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ഈ വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
വ്യാജ എ.ഐ വാർത്തകളുടെ കാലത്ത് ഓൺലൈൻ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് വിദഗ്ധരുടെ ഉപദേശം. വിമാന സർവീസുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ എയർലൈനുകളുടെയോ പിയേഴ്സൺ വിമാനത്താവളത്തിൻ്റെയോ ഔദ്യോഗിക വെബ്‌സൈറ്റുകളെയോ സോഷ്യൽ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കുക. ദ ട്രാവലർ (TheTraveler.org), ടൊറൻ്റോ ഡൈജസ്റ്റ് (Toronto Digest), ട്രാവൽ ആൻഡ് ടൂർ വേൾഡ് (Travel and Tour World), നൊമാഡ് ലോയർ (NomadLawyer), ട്രാവൽ ടൂറിസ്റ്റർ (Travel Tourister) തുടങ്ങിയ വെബ്‌സൈറ്റുകൾ ഇത്തരത്തിൽ വ്യാജ വിവരങ്ങൾ നിർമ്മിക്കുന്നതായി പിയേഴ്സൺ വിമാനത്താവള അധികൃതർ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.