കൊലപാതക കേസ് ഉൾപ്പെടെ അതീവ ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള വിദേശ പൗരന്മാർക്ക് കാനഡയിൽ തുടരാൻ അനുമതി നൽകുന്നതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധവും ചോദ്യങ്ങളും ഉയരുന്നു. കാനഡയിലെ നിയമപരമായ പദവി നഷ്ടപ്പെട്ടിട്ടും, മാരകമായ ആയുധങ്ങളും മയക്കുമരുന്നും കൈവശം വച്ചതുമായി ബന്ധപ്പെട്ട പുതിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഒരാൾ എങ്ങനെ രാജ്യത്ത് തുടർന്നു എന്നതിന് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ല. കുറ്റവാളികളെ ഇത്തരത്തിൽ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് പൗരന്മാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
കാനഡയിൽ മുൻപ് നടന്ന ഒരു മനുഷ്യഹത്യാ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ വ്യക്തിക്ക് രാജ്യത്ത് താമസിക്കാനുള്ള നിയമപരമായ അനുമതി നഷ്ടപ്പെട്ടത്. എന്നാൽ, ഇയാളെ നാടുകടത്തുന്നതിൽ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പുതിയ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്. അടുത്തിടെ തോക്കുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കടുത്ത കുറ്റകൃത്യങ്ങളിൽ ഇയാൾ വീണ്ടും പിടിക്കപ്പെടുകയും കോടതി ശിക്ഷിക്കുകയും ചെയ്തതോടെയാണ് ഈ വിഷയം ചർച്ചയാകുന്നത്.
രാജ്യത്തിന് ഭീഷണിയായ ഇത്തരം വിദേശ കുറ്റവാളികളെ എന്ത് കൊണ്ട് യഥാസമയം നാടുകടത്തിയില്ല എന്ന ചോദ്യത്തിന് ഇമിഗ്രേഷൻ വിഭാഗത്തിനോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കോ കൃത്യമായ വിശദീകരണം നൽകാനായിട്ടില്ല. കാനഡയിലെ നാടുകടത്തൽ നടപടികളിലെ കാലതാമസവും നിയമപരമായ സങ്കീർണ്ണതകളുമാണ് കുറ്റവാളികൾക്ക് രാജ്യത്ത് സുരക്ഷിതമായി തുടരാൻ സാഹചര്യമൊരുക്കുന്നതെന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്.