ഒൻ്റാരിയോയിലെ ഒഷാവയിൽ കള്ളനോട്ട് നൽകി മൊബൈൽ ഫോണുകൾ വാങ്ങിയ സംഭവത്തിൽ രണ്ട് കൗമാരക്കാർ പിടിയിൽ

By: 600110 On: Jul 10, 2026, 11:35 AM

ഓൺലൈൻ വഴി കള്ളനോട്ട് നൽകി മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് കൗമാരക്കാർക്കെതിരെ ഡർഹാം റീജിയണൽ പോലീസ് ഇരുപതോളം കുറ്റങ്ങൾ ചുമത്തി. 2026 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പതിനഞ്ചുകാരനായ ആൺകുട്ടിയും പതിനേഴുകാരിയായ പെൺകുട്ടിയും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്.

ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് , കിജിജി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഇവർ കുറഞ്ഞത് 15 ഓളം ആളുകളുമായി ബന്ധപ്പെടുകയും, തുടർന്ന് ഒഷാവയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നേരിട്ട് കണ്ട് മൊബൈൽ ഫോണുകൾ വാങ്ങുകയുമായിരുന്നു. എന്നാൽ, ഫോൺ വാങ്ങിയ ശേഷം പ്രതികൾ നൽകിയ പണമെല്ലാം വ്യാജനോട്ടുകളായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ തട്ടിപ്പിലൂടെ ഏകദേശം 6,800 ഡോളറിലധികം  തുകയാണ് ഇവർ തട്ടിയെടുത്തത്. മറ്റ് രണ്ട് വ്യത്യസ്ത കേസുകളിലെ പോലീസ് അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്.

പതിനേഴുകാരിയെ ജൂൺ 21-നും പതിനഞ്ചുകാരനെ ജൂലൈ 5-നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായ പെൺകുട്ടിക്കെതിരെ 5,000 ഡോളറിൽ താഴെയുള്ള രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളും വ്യാജ കറൻസി പ്രചരിപ്പിച്ചതിനുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അതേസമയം, ആൺകുട്ടിക്കെതിരെ വ്യാജ കറൻസി കൈമാറിയതിനും 5,000 ഡോളറിന് മുകളിലും താഴെയുമുള്ള തട്ടിപ്പുകൾ നടത്തിയതിനും ഉൾപ്പെടെ 14 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഇതിൽ പെൺകുട്ടിയെ കർശന നിബന്ധനകളോടെ ജാമ്യത്തിൽ വിട്ടയച്ചപ്പോൾ, ആൺകുട്ടിയെ ജാമ്യാപേക്ഷയ്ക്കായി കോടതിയിൽ ഹാജരാക്കി. കാനഡയിലെ 'യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട്' പ്രകാരം പ്രായപൂർത്തിയാകാത്ത പ്രതികളായതിനാൽ ഇവരുടെ പേരുകൾ പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല.