ആൽബർട്ടയിൽ ശക്തമായ ടൊർണാഡോയിൽ അഞ്ച് പേർക്ക് പരിക്ക്

By: 600110 On: Jul 10, 2026, 11:26 AM

 

 

 

ആൽബർട്ട പ്രവിശ്യയിലുണ്ടായ ശക്തമായ ടൊർണാഡോയിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 8:30 ഓടെ എഡ്മൻ്റണിൽ നിന്നും 300 കിലോമീറ്റർ തെക്കുകിഴക്കുള്ള ഡിൻബെറി ലേക്ക് പ്രൊവിൻഷ്യൽ ക്യാമ്പ് ഗ്രൗണ്ടിലാണ് ടൊർണാഡോ ആഞ്ഞടിച്ചത്. അപകടസമയത്ത് 42 ക്യാമ്പിംഗ് സൈറ്റുകളിൽ ആളുകളുണ്ടായിരുന്നു. ശക്തമായ കാറ്റിൽ നിരവധി ട്രെയിലറുകൾക്ക്  കേടുപാടുകൾ സംഭവിക്കുകയും ചിലത് പൂർണ്ണമായി തകരുകയും ചെയ്തു. പരിക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല.

അപകടത്തെത്തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, അഗ്നിശമന സേന, എഡ്മൻ്റൺ പോലീസ് ഹെലികോപ്റ്റർ എന്നിവയുടെ നേതൃത്വത്തിൽ വൻ രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടന്നത്. ക്യാമ്പ് ഗ്രൗണ്ടിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരെ സമീപത്തെ ചൗവിൻ വില്ലേജിലുള്ള കമ്മ്യൂണിറ്റി സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. പുലർച്ചെ 1:30 ഓടെ ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി പൊതുജനങ്ങൾ ഈ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പ്രദേശത്ത് രണ്ട് ടൊർണാഡോകൾ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ചുഴലിക്കാറ്റ് പാരഡൈസ് വാലിക്ക് സമീപമാണ് വീശിയടിച്ചത്. ഇത് പിന്നീട് സസ്‌കാച്ചെവൻ  പ്രവിശ്യയിലേക്ക് നീങ്ങി. സംഭവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ വിദഗ്ദ്ധ സംഘം അപകടസ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.