ഒൻ്റാരിയോയിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർക്ക് ക്യൂബെക്കിൽ ഇനി പരീക്ഷ നിർബന്ധം

By: 600110 On: Jul 10, 2026, 11:22 AM

തുടർച്ചയായുണ്ടാകുന്ന വലിയ വാഹന അപകടങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി ക്യൂബെക്ക് പ്രവിശ്യ. ഇതിൻ്റെ ഭാഗമായി ഒൻ്റാരിയോയിൽ നിന്നുള്ള പരിചയസമ്പത്ത് കുറഞ്ഞ ട്രക്ക് ഡ്രൈവർമാർക്ക് ക്യൂബെക്കിൽ ഹെവി വാഹനങ്ങൾ  ഓടിക്കണമെങ്കിൽ ഇനി മുതൽ പ്രായോഗിക പരീക്ഷകൾ വിജയിക്കണം. രണ്ട് വർഷത്തിൽ താഴെ മാത്രം പ്രവൃത്തിപരിചയമുള്ള ഡ്രൈവർമാർക്കാണ് ഈ പുതിയ നിയമം ബാധകമാവുക. പരീക്ഷയിൽ രണ്ട് തവണ പരാജയപ്പെടുന്നവർ ക്യൂബെക്കിൽ നിർബന്ധിത ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കേണ്ടി വരും.

തുടക്കക്കാരായ ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ക്യൂബെക്ക് ഓട്ടോമൊബൈൽ ഇൻഷുറൻസ് ബോർഡ് (SAAQ) വ്യക്തമാക്കി. മുൻപ് ഒൻ്റാരിയോയിൽ നിന്ന് ക്യൂബെക്കിലേക്ക് മാറുന്ന ഡ്രൈവർമാരുടെ ലൈസൻസുകൾ യാതൊരു പരിശോധനയുമില്ലാതെ എളുപ്പത്തിൽ മാറ്റി നൽകുമായിരുന്നു. എന്നാൽ ഒൻ്റാരിയോയിലെ ചില സ്വകാര്യ ഡ്രൈവിംഗ് കോളേജുകളിൽ കൃത്യമായ പരിശീലനം നൽകുന്നില്ലെന്ന ഓഡിറ്റർ ജനറലിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് ക്യൂബെക്ക് ട്രാൻസ്പോർട്ട് മന്ത്രാലയം ഈ പുതിയ തീരുമാനം കൈക്കൊണ്ടത്.

ഒൻ്റാരിയോ സർക്കാർ തങ്ങളുടെ ഡ്രൈവിംഗ് പരിശീലന രീതികൾ കൂടുതൽ കുറ്റമറ്റതാക്കുന്നത് വരെ മാത്രമുള്ള ഒരു താത്കാലിക സുരക്ഷാ ക്രമീകരണം മാത്രമാണിതെന്ന് ക്യൂബെക്ക് ട്രാൻസ്പോർട്ട് മന്ത്രി ബേനോയിറ്റ് ചാരെറ്റ് പറഞ്ഞു. വിദേശ കരാർ തൊഴിലാളികളായി എത്തുന്ന ഡ്രൈവർമാരുടെ സുരക്ഷാ നിലവാരം പരിശോധിക്കാൻ ഒരു പ്രത്യേക വർക്കിംഗ് ഗ്രൂപ്പിനെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.  

നികുതി വെട്ടിക്കാൻ ചില ട്രക്കിംഗ് കമ്പനികൾ ഡ്രൈവർമാരെ സ്ഥിരം ജീവനക്കാരാക്കാതെ കരാർ തൊഴിലാളികളായി കാണിക്കുന്ന 'ഡ്രൈവർ ഇങ്ക്' രീതിയാണ് യഥാർത്ഥ പ്രശ്നമെന്ന് ട്രാൻസ്പോർട്ട് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള കമ്പനികൾ ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്നില്ലെന്നും ഇത് മറ്റ് ഡ്രൈവർമാരുടെയും റോഡിലിറങ്ങുന്ന സാധാരണക്കാരുടെയും സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്നും വിമർശനമുയരുന്നുണ്ട്.