മോൺട്രിയൽ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; യാത്രക്കാർ സുരക്ഷിതർ

By: 600110 On: Jul 10, 2026, 11:14 AM



കാനഡയിലെ മോൺട്രിയൽ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് പിന്നാലെ എയർ കാനഡ വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് തെന്നിമാറി. ലോസ് ആഞ്ചലസിൽ നിന്നും 156 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ എയർ കാനഡയുടെ AC774 എക്സ്പ്രസ്സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

ബോയിംഗ് 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനം സാധാരണ രീതിയിലാണ് ലാൻഡ് ചെയ്തതെങ്കിലും, റൺവേയിൽ നിന്നും ടാക്സി വേയിലേക്ക് മാറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പുൽത്തകിടിയിലേക്ക് തെന്നിമാറുകയായിരുന്നു. കനത്ത മഴയെത്തുടർന്നുണ്ടായ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.
വലിയൊരു ദുരന്തത്തിൽ നിന്നാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിയായ ബാർബറ എഡൽസ്റ്റൺ മാധ്യമങ്ങളോട് പറഞ്ഞു. "ലാൻഡ് ചെയ്ത ഉടൻ തന്നെ വലിയ വേഗതയിലാണ് വിമാനം നീങ്ങിയത്. ജനലിലൂടെ നോക്കിയപ്പോൾ പുകയും മണ്ണും മാത്രമാണ് കണ്ടത്. വിമാനം പൊട്ടിത്തെറിക്കുമോ എന്ന് ഞങ്ങൾ ഭയന്നു," അവർ പറഞ്ഞു.

അപകടത്തിന് ശേഷം മൂന്ന് മണിക്കൂറോളമാണ് യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്നത്. തുടർന്ന് രാത്രി 7:45 ഓടെ പ്രത്യേക ബസുകളിൽ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റി.  അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ ഒന്ന് താൽക്കാലികമായി അടച്ചുപൂട്ടി. ഇതേതുടർന്ന് ആഭ്യന്തര-അന്തർദേശീയ വിമാന സർവീസുകൾ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകി. എന്നാൽ സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ല. രാത്രി 10 മണിയോടെ റൺവേ വീണ്ടും പ്രവർത്തനസജ്ജമാക്കി. 
അപകടത്തിൽപ്പെട്ട വിമാനം പരിശോധനകൾക്കായി ഹാങ്ങറിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് എയർ കാനഡയും കാനഡ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (TSB) പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.